19 അംഗ ടീമില്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനുമുണ്ട്. എന്നാല്‍ റാഷിദ് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് താരം.
കാബൂള്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ ഇബ്രാഹിം സദ്രാന്‍ നയിക്കും. 19 അംഗ ടീമില്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനുമുണ്ട്. എന്നാല്‍ റാഷിദ് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് താരം. പുറത്തേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈമാസം 11നാണ് തുടങ്ങുന്നത്. 14, 17 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
അഫ്ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സാദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുല്ല സാദ്രാന്‍, മുഹമ്മദ് നബി, കരീം ജനത്ത്, അസ്മുല്ല ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, മുജീബ് റഹ്‌മാന്‍, ഫസല്‍ ഹഖ് ഫാറൂഖി, ഫരീദ് അഹമദ്, നവീന്‍ള ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍. സദ്രാന് കീഴില്‍ യുഎഇക്കെതിരായ ടി20 പരമ്പര 2-1ന് ജയിച്ചാണ് അഫ്ഗാന്‍ വരുന്നത്. പരമ്പരയില്‍ ടീമിലില്ലാതിരുന്ന മുജീബ് റഹ്‌മാന്‍ ഇന്ത്യക്കെതിരെ കളിക്കും.
അതേസമയം, പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 ടീമില്‍ തിരിച്ചെത്തിയേക്കും. ഈ മാസം 11നാണ് ടി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും പരിക്കുമൂലം പുറത്തായതിനാല്‍ മലയാളി താരം സഞ്ജു സാംസണെ ടീമിനെ തിരിച്ചുവിളിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു സഞ്ജു.
ഹാര്‍ദിക്, സൂര്യ എന്നിവരുടെ അഭാവത്തില്‍ രോഹിത് ക്യാപ്റ്റനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. 2022ലെ ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ വിരാട് കോലിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തടസമുണ്ടാകില്ല. എന്നാല്‍ രോഹിത് തിരിച്ചെത്തിയാല്‍ ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍-യശസ്വി ജയ്സ്വാള്‍ സഖ്യം പൊളിക്കേണ്ടിവരും. ഗില്ലിനെ നാലാം നമ്പറിലോ മൂന്നാം നമ്പറിലോ പരീക്ഷിക്കേണ്ടിവരും.
