Asianet News MalayalamAsianet News Malayalam

പച്ച തൊടാനാവാതെ പാക്കിസ്താന്‍! അഫ്ഗാനിസ്ഥാന് മുന്നില്‍ മുട്ടിടിച്ചു; ടി20 പരമ്പര നഷ്ടം

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ടി20 ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര അഫ്ഗാന് സ്വന്തമായത്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് അഫ്ഗാന്റെ ചരിത്രവിജയം.

afghanistan won second t20 match against pakistan and won series saa
Author
First Published Mar 27, 2023, 8:42 AM IST

ഷാര്‍ജ: പാക്കിസ്താനെതിരെ ചരിത്രത്തിലാദ്യമായി ആദ്യമായി ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ടി20 ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര അഫ്ഗാന് സ്വന്തമായത്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് അഫ്ഗാന്റെ ചരിത്രവിജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്താന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. 57 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്ന ഇമാദ് വസിമാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസാണ് ടോപ് സ്‌കോറര്‍.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ നാല് ഓവറില്‍ 30 റണ്‍സ് നേടുന്നതിനിടെ ഉസ്മാന്‍ ഗനിയുടെ (7) വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. പിന്നീടെത്തിയത് ഇബ്രാഹി സദ്രാന്‍ (40 പന്തില്‍ 38). ഗുര്‍ബാസിനൊപ്പം മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സദ്രാനായി. എന്നാല്‍, വേണ്ടത്ര വേഗം കൂട്ടുകെട്ടിനുണ്ടായിരുന്നില്ല. 18 ഓവര്‍ പൂര്‍ത്തിയാവുന്നതിനിടെ ഇരുവരും മടങ്ങി. അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 

19ാം ഓവര്‍ എറിയാനെത്തിയത് നസീം ഷാ. ഈ ഓവറിലാണ് കളിമാറിയത്. ആദ്യ പന്തില്‍ തന്നെ മുഹമ്മദ് നബി സിക്‌സ് നേടി. അടുത്ത രണ്ട് പന്തില്‍ ഓരോ റണ്‍ വീതം. നാലാം പന്തില്‍ രണ്ട് റണ്‍. അഞ്ചാം പന്തില്‍ വീണ്ടും ഒരു റണ്‍. എന്നാല്‍ അവസാന പന്ത് നജീബുള്ള സദ്രാന്‍ സിക്‌സ് നേടി. 17 റണ്‍സാണ് പാക്കിസ്താന്‍ വിട്ടുകൊടുത്തത്. സമന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന് വേണ്ടത് അഞ്ച് റണ്‍ മാത്രം. ആദ്യ പന്ത് നഷ്ടമാക്കിയ നബി, രണ്ടാം പന്തില്‍ സിംഗിളെടുത്തു. അടുത്ത രണ്ട് പന്തിലും ഓരോ റണ്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍. അഞ്ചാം പന്ത് നജീബുള്ളയുടെ ബാറ്റില്‍ തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക്. അഫ്ഗാന് ചരിത്ര നേട്ടം.

നേരത്തെ, 64 റണ്‍സെടുത്ത ഇമാദ് വസിമാണ് പാക്കിസ്താന്റെ സ്‌കോര്‍ 100 കടത്തിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വസീമിന്റെ ഇന്നിംഗ്‌സ്. 25 പന്തില്‍ 32 റണ്‍സ് നേടിയ ഷദാബ് ഖാന്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. സയിം അയൂബ് (0), മുഹമ്മദ് ഹാരിസ് (15), അബ്ദുള്ള ഷെഫീഖ് (0), തയ്യിബ് താഹിര്‍ (13) അസം ഖാന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാന്‍, കരീം ജനാത്, നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. പരമ്പരയിലെ മൂന്നാം ടി20 നാളെ നടക്കും.

സഞ്ജുവിനോട് ബിസിസിഐയുടെ കരുണ! ഭാവി പദ്ധതികളുടെ ഭാഗം; വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി

Follow Us:
Download App:
  • android
  • ios