കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ താരമാണ് കര്‍ല.

ദില്ലി: പ്രായ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഡല്‍ഹിയുടെ യുവതാരം മന്‍ജോത് കര്‍ലയെ രഞ്ജി ട്രോഫിയില്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി. അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളില്‍ കളിക്കാനായി പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്‌സ്മാന്‍ ബദര്‍ ഡുരെസ് അഹമ്മദാണ് കര്‍ലയെ വിലക്കാനുള്ള ഉത്തരവിട്ടത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ താരമാണ് കര്‍ല.

അതേസമയം, സമാനമായ ആരോപണത്തില്‍ ഡല്‍ഹി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ നിതീഷ് റാണയ്ക്കെതിരെ തല്‍ക്കാലം നടപടി എടുക്കിന്നില്ലെങ്കിലും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റാണയുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ശിവം മാവിക്കെതിരെയുള്ള ആരോപണം ബിസിസിഐക്ക് വിടാനും ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു.

രഞ്ജിയില്‍ മാവി ഉത്തര്‍പ്രദേശിന്റെ താരമായതിനാലാണിത്. വിലക്ക് നേരിടുന്ന കര്‍ലക്ക് ക്ലബ് തലത്തിലും കളിക്കാനാവില്ല. അതേസമയം, കര്‍ലയെ വിലക്കാനുള്ള ഉത്തരവിനെതിരെ പുതുതായി ചുമതലയെടുക്കുന്ന ഓംബുഡ്‌സ്മാനെ സമീപിക്കാനൊരുങ്ങുകയാണ് താരത്തിന്റെ മാതാപിതാക്കള്‍. ഡല്‍ഹി ടീമില്‍ ശിഖര്‍ ധവാന് പകരം ഓപ്പണറായി എത്തേണ്ട താരമായിരുന്നു കര്‍ല.