പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ടീമില്‍ ഇഷ്‌ടക്കാരെ തിരുകിക്കയറ്റുന്നു, ചെറിയ ടീമുകളോട് വരെ പാകിസ്ഥാന്‍ തോല്‍ക്കുന്നു എന്നിങ്ങനെ നീളുന്നു മുന്‍ സഹതാരത്തിന്‍റെ വിമര്‍ശനം

ലാഹോര്‍: ട്വന്‍റി 20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം സ്വന്തം നാട്ടില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അമേരിക്കയ്ക്കും ടീം ഇന്ത്യക്കുമെതിരെ തോറ്റതാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമാണ് വിമര്‍ശകരുടെ പ്രധാന നോട്ടപ്പുള്ളി. മുന്‍ താരങ്ങള്‍ വരെ പാക് ക്രിക്കറ്റ് ടീമിനെയും ബാബറിനെയും പൊരിക്കുന്നു. ഇതിനിടെ ബാബര്‍ അസമിനെതിരെ പുത്തന്‍ ആരോപണശരം എറിഞ്ഞിരിക്കുകയാണ് മുമ്പ് സഹതാരമായിരുന്ന അഹമ്മദ് ഷെഹ്‌സാദ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്യാപ്റ്റന്‍ ബാബര്‍ അസം ടീമില്‍ ഇഷ്‌ടക്കാരെ തിരുകിക്കയറ്റുന്നു എന്നാണ് മുന്‍ സഹതാരം കൂടിയായ അഹമ്മദ് ഷെഹ്‌സാദിന്‍റെ പ്രധാന ആരോപണം. സ്വന്തം റണ്‍ശേഖരം ബാബര്‍ അസം കൂട്ടുമ്പോഴും ടീം തോല്‍ക്കുന്നതായും ഷെഹ്‌സാദ് ആരോപിക്കുന്നു. ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്ഥാന്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെയും വമ്പന്‍ ടീമുകളുടെ ബി, സി, ഡി സ്ക്വാഡുകള്‍ക്കെതിരെയും തോല്‍ക്കുന്നു എന്നിങ്ങനെ നീളുന്നു അഹമ്മദ് ഷെഹ്‌സാദിന്‍റെ പരിഹാസം. അഹമ്മദ് ഷെഹ്‌സാദ് ഒരു പാക് ടെലിവിഷന്‍ ചാനലിലെ ലൈവ് പരിപാടിയിലായിരുന്നു ബാബര്‍ അസമിനെതിരെ പരസ്യമായി രംഗത്തുവന്നത്.

'ബാബര്‍ അസം ക്യാപ്റ്റനായത് മുതല്‍ പാകിസ്ഥാന്‍ ടീം സാധാരണ ടീമുകളോട് തോല്‍ക്കുകയാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ടീമിനൊപ്പമുള്ള താരങ്ങളാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. അങ്ങനെയുള്ള താരങ്ങള്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ 120 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാത്തതിന്‍റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതല്ലേ. പാക് ടീം കുഞ്ഞന്‍ ടീമുകളോട് കളിച്ച് ജയിച്ച് നാട്ടുകാരെ പറ്റിച്ചു. വലിയ ടൂര്‍ണമെന്‍റുകളില്‍ ബാബറിന് 27 ശരാശരിയും 112 സ്ട്രൈക്ക് റേറ്റുമേയുള്ളൂ. ടീം തോറ്റ മത്സരങ്ങളിലാകെ ബാബര്‍ 1400 റണ്‍സ് നേടി. ഈ കണക്കുകളുള്ള ബാബറിനെയാണോ ആളുകള്‍ കിംഗ് എന്ന് വിളിക്കേണ്ടത്? മത്സരം ജയിപ്പിക്കാനാവാത്ത ആളെങ്ങനെയാണ് കളിയിലെ രാജാവാകുക. നിങ്ങള്‍ പാകിസ്ഥാന്‍ ജനതയെ കബളിപ്പിച്ചു. സുഹൃത്തുകളുടെ ടീമുണ്ടാക്കുകയാണ് ബാബര്‍ ചെയ്യുന്നത്. അവരെ നിലനിര്‍ത്താന്‍ മാത്രം ശ്രമിക്കുന്നു' എന്നും അഹമ്മദ് ഷെഹ്‌സാദ് ആരോപിച്ചു. 

Scroll to load tweet…

ഇക്കുറി ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു. ആദ്യ കളിയില്‍ കുഞ്ഞന്‍മാരായ അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോല്‍ക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യയെ 119 റണ്‍സില്‍ ഓള്‍ഔട്ടാക്കിയിട്ടും മറുപടി ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ 113-7 എന്ന സ്കോറിലൊതുങ്ങി 6 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങി. മൂന്നാം മത്സരത്തില്‍ കാനഡയോട് ഏഴ് വിക്കറ്റ് ജയം നേടിയത് മാത്രമാണ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന് ഇതുവരെ ആശ്വസിക്കാനുള്ളത്. മൂന്ന് കളികളിലായി 90 റണ്‍സ് നേടിയ ബാബറിന് 104.65 സ്ട്രൈക്ക് റേറ്റ് മാത്രമേയുള്ളൂ. 

Read more: ടി20 ലോകകപ്പില്‍ ശ്വാസം വീണ്ടെടുത്ത് പാകിസ്ഥാന്‍! റിസ്വാന് അര്‍ധ സെഞ്ചുറി; കാനഡയെ തകര്‍ത്ത് മൂന്നാം സ്ഥാനത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം