ജഡേജയുടെ അഭിപ്രായത്തില്‍ ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ്. ലോകകപ്പിനു വേണ്ടി മാത്രമാണ് താന്‍ ധോണിയെ നായകനായി തെരഞ്ഞെടുക്കുന്നതെന്നും ജഡേജ ക്രിക് ബസിനോട് വ്യക്തമാക്കി.

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് വിരാട് കോലിയല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീമിനെ പ്രവചിച്ചപ്പോഴാണ് ലോകകപ്പില്‍ കോലിയല്ല ഇന്ത്യന്‍ നായകനാവേണ്ടതെന്ന് ജഡേജ പറഞ്ഞത്.

ജഡേജയുടെ അഭിപ്രായത്തില്‍ ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ്. ലോകകപ്പിനു വേണ്ടി മാത്രമാണ് താന്‍ ധോണിയെ നായകനായി തെരഞ്ഞെടുക്കുന്നതെന്നും ജഡേജ ക്രിക് ബസിനോട് വ്യക്തമാക്കി.

കോലിയെക്കാള്‍ മികച്ച ക്യാപ്റ്റനാണ് ധോണി എന്ന കാര്യത്തില്‍ ആരുമായും തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ തയാറാണ്. ഞാന്‍ തെരഞ്ഞെടുക്കുന്നത് ഭാവിയുടെ ടീമിനെയല്ല. ലോകകപ്പിനുവേണ്ടി മാത്രമുള്ള ടീമിനെയാണ്. ആ ടീമിനെ നയിക്കാന്‍ യോഗ്യന്‍ ധോണിയാണ്. ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും തന്ത്രങ്ങളുടെ കാര്യത്തിലും ധോണി ഒരിക്കലും രണ്ടാമനല്ലെന്നും ജഡേജ വ്യക്തമാക്കി.

ലോകകപ്പ് ടീമില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തണമെന്നും ജഡേജ പറഞ്ഞു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അജയ് ജഡേജയുടെ 15 അംഗ ടീമില്‍ ഇടംപിടിച്ചു. ജഡേജ തെരഞ്ഞടുത്ത 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍/ കെ എല്‍ രാഹുല്‍, വിരാട് കോലി, ധോണി(ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, അംബാട്ടി റായിഡു, ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍.