എന്നാല്‍ ഓസ്ട്രേലിയയില്‍ കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും താനെടുത്ത പല നിര്‍ണായക തീരുമാനങ്ങളുടെയും ക്രെഡിറ്റ് മറ്റു ചിലര്‍ തട്ടിയെടുത്തുവെന്ന് തുറന്നു പറയുകയാണ് രഹാനെ ഇപ്പോള്‍. ബാക്ക് സ്റ്റേജ് വിത്ത് ബോറിയ എന്ന ടോക് ഷോയിലാണ് ഓസീസിലെ ചരിത്ര വിജയത്തെക്കുറിച്ച് രഹാനെ മനസുതുറന്നത്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(AUS vs IND) തിരിച്ചടികളുടെ പരമ്പരകള്‍ക്കൊടുവിലും ഐതിഹാസിക വിജയം നേടി ഇന്ത്യന്‍ ടീം ആരാധകരെ അമ്പരപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്‍റെ പടുകുഴിയില്‍ വീണിട്ടും സ്ഥിരം നായകന്‍ വിരാട് കോലി(Virat Kohli) ആദ്യ ടെസ്റ്റിനുശേഷം ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിട്ടും അവസാന ടെസ്റ്റാവുമ്പോഴേക്കും പരിക്കുമൂലം 11 പേരെ തികക്കാന്‍ പോലും പാടുപെട്ടിട്ടും ഇന്ത്യ 2-1ന് പരമ്പര ജയിച്ചത് ക്രിക്കറ്റിലെ ഏറ്റവും പ്രചോദനാത്മകമായ വിജയങ്ങളിലൊന്നായിരുന്നു.

അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ കോലിക്ക് പകരം മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും(Ajinkya Rahane). ഗാബയിലെ അവസാന ടെസ്റ്റില്‍ വൈറ്റ് ബോള്‍ സ്പെഷലിസ്റ്റുകളായ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും വാഷിംഗ് ടണ്‍ സുന്ദറിനെയും ടി നടരാജനെയുമെല്ലാം കളിപ്പിക്കേണ്ടിവന്നിട്ടും ഓസീസിനെ അവരുടെ നാട്ടില്‍ കീഴടക്കി ഇന്ത്യ പരമ്പര നേടിയത് ഏത് ടീമിനെയും അത്ഭുതപ്പെടുത്തുന്ന വിജയമായിരുന്നു.

എന്നാല്‍ ഓസ്ട്രേലിയയില്‍ കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും താനെടുത്ത പല നിര്‍ണായക തീരുമാനങ്ങളുടെയും ക്രെഡിറ്റ് മറ്റു ചിലര്‍ തട്ടിയെടുത്തുവെന്ന് തുറന്നു പറയുകയാണ് രഹാനെ ഇപ്പോള്‍. ബാക്ക് സ്റ്റേജ് വിത്ത് ബോറിയ എന്ന ടോക് ഷോയിലാണ് ഓസീസിലെ ചരിത്ര വിജയത്തെക്കുറിച്ച് രഹാനെ മനസുതുറന്നത്. ഓസ്ട്രേലിയയില്‍ ഞാനെന്തൊക്കെയാണ് ചെയ്തത് എന്ന് എനിക്കറിയാം. അത് എല്ലാവരോടും പറഞ്ഞു നടക്കേണ്ട കാര്യം എനിക്കില്ല. അതിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കുന്നത് എന്‍റെ രീതിയുമല്ല.

പക്ഷെ ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലും ഞാനെടുത്ത പല നിര്‍ണായക തീരുമാനങ്ങളുടെയും ക്രെഡിറ്റ് മറ്റ് പലരും സ്വന്തമാക്കിയിട്ടുണ്ട്-രഹാനെ പറഞ്ഞു. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരമ്പര നേട്ടത്തിനുശേഷം മാധ്യമങ്ങളില്‍ പരമ്പര വിജയത്തിന്‍റെ മുഖ്യസൂത്രധാരനായി നിറഞ്ഞു നിന്നത് പരിശീലകനായിരുന്ന രവി ശാസ്ത്രി(Ravi Shastri) ആയിരുന്നു. അതുകൊണ്ടുതന്നെ രഹാനെയുടെ പ്രസ്താവന ശാസ്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം.

എന്നെ സംബന്ധിച്ചിടത്തോളം നമ്മള്‍ പരമ്പര ജയിച്ചു എന്നതാണ് പ്രധാനം. വ്യക്തിപരമായും ടീമിനെ സംബന്ധിച്ചിടത്തോളവും അത് ചരിത്ര പരമ്പരയായിരുന്നു. പരമ്പരയില്‍ ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു, ആ തിരുമാനം എന്‍റേതായിരുന്നു തുടങ്ങിയ പ്രസ്താവനകള്‍ നടത്തിയവരുണ്ട്. അവര്‍ അവരുടെ പണി ചെയ്യട്ടെ. എന്നാല്‍ ഗ്രൗണ്ടില്‍ ഞാന്‍ എന്തൊക്കെ തീരുമാനമെടുത്തു, എന്‍റെ മനസ് പറഞ്ഞതുകേട്ട് ഞാന്‍ എന്തൊക്കെ ചെയ്തു എന്നെല്ലാം എനിക്കറിയാം. സ്വയം പുകഴ്ത്തുന്ന ആളല്ല ഞാന്‍, പക്ഷെ ഞാന്‍ എന്തൊക്കെ ചെയ്തുവെന്ന് എനിക്കറിയാമല്ലോ-രഹാനെ പറഞ്ഞു.

തന്‍റെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കാറില്ലെന്ന് രഹാനെ പറഞ്ഞു. ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ ഒരിക്കലും അങ്ങനെ സംസാരിക്കില്ല. ഓസ്ട്രേലിയയില്‍ ഞാന്‍ നടത്തിയ പ്രകടനവും അതിനുശേഷം ടെസ്റ്റില്‍ എന്‍റെ പ്രകടനങ്ങളും നോക്കിയാല്‍ ഇക്കാര്യം മനസിലാവും. എന്‍റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. ഇനിയും ഒരുപാട് ക്രിക്കറ്റ് എന്നില്‍ ബാക്കിയുണ്ടെന്നാണ് എന്‍റെ വിശ്വാസം-രഹാനെ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ടീമില്‍ നിന്ന് പുറത്താവലിന്‍റെ വക്കില്‍ നില്‍ക്കുന്ന രഹാനെ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ രഹാനെ ഇടം നേടിയിട്ടുണ്ട്.