മുംബൈ: കഴിഞ്ഞ ദിവസാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് ഏറെ വിഷമിപ്പിച്ചുവെന്നായിരുന്നു അത്. എത്രയൊക്കെ നന്നായി കളിച്ചിട്ടും ഏകദിന ടീമില്‍ നിന്ന് ഞാനെപ്പോഴും പുറത്താണെന്നും രഹാനെ പറഞ്ഞിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിഷമമുണ്ടാക്കിയ കാര്യവും രഹാനെ വെളിപ്പെടുത്തിയിരുന്നു. 

അന്ന് അനുഭവിച്ച മാനസിക ബുദ്ധിമുട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് രഹാനെ ഇന്ന്് പറഞ്ഞിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് അന്ന വിഷമതകളില്‍ നിന്ന് കരകയറാന്‍ എന്നെ സഹായിച്ചതെന്ന് രഹാനെ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്നും എന്നെ പുറത്താക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലപ്പോള്‍ ടീം മാനേജ്‌മെന്റിന് തോന്നിക്കാണും തിരഞ്ഞെടുത്ത കോംപിനേഷനാണ് നല്ലതെന്ന്. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. 

എന്നാല്‍ വിഷമത്തില്‍ നിന്ന് മുക്തനാവാന്‍ സമയമെടുത്തു. ആ സമയത്ത് ദ്രാവിഡുമായുള്ള സംസാരവും ഇടപെടലകളുമാണ് വീണ്ടും ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ സഹായിച്ചത്.'' താരം പറഞ്ഞുനിര്‍ത്തി.