ലണ്ടന്‍: കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയ്ക്ക് സെഞ്ചുറി. ഹാംഷെയറിനായി അരങ്ങേറിയ രഹാനെ നോട്ടിങ്ഹാംഷെയറിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 119 റണ്‍സ് നേടി പുറത്തായി. രഹാനെയുടെയും ക്യാപ്റ്റന്‍ സാം നോര്‍ത്ത് ഈസ്റ്റിന്റെയും സെഞ്ചുറി കരുത്തില്‍ ഹാംഷെയര്‍ ഇതുവരെ 344 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ മൂന്നാമനായി ഇറങ്ങിയ രഹാനെ ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സിന് ഔട്ടായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഹാംഷെയര്‍ 310 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച നോട്ടിങ്ഹാം 239  റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ഹാംഷെയര്‍ ഇതുവരെ നാല് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയിട്ടുണ്ട്. 197 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെയാണ് രഹാനെ സെഞ്ചുറി നേടിയത്. മാത്യൂ കാര്‍ട്ടറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍.