മെല്‍ബണ്‍: അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിയ പലരും ചൂണ്ടികാണിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുറത്താവലായിരുന്നു. നല്ല രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് കോലി റണ്ണൗട്ടായത്. പുറത്താവുമ്പോള്‍ താരം 180 പന്തില്‍ 74 റണ്‍സ് നേടിയിരുന്നു. അര്‍ഹിച്ച സെഞ്ചുറി അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. സഹതാരം അജിന്‍ക്യ രഹാനെയുടെ തെറ്റായ വിളിയില്‍ ക്രീസ് വിട്ടിറങ്ങിയ കോലി റണ്ണൗട്ടാവുകയായിരുന്നു. കോലിയുടെ മടക്കം ടീമിനെ ബാധിച്ചു. ഇന്ത്യ 244ന് പുറത്തായി. മൂന്നിന് 188 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് കോലി മടങ്ങുന്നത്. 

രഹാനേയും നിരാശപ്പെടുത്തി. കോലിക്ക് പിന്നാലെ 42 റണ്‍സുമായി രഹാനെയും മടങ്ങി. കോലിയുടെ നിര്‍ണായക പുറത്താവലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ. ഡ്രസിംഗ് റൂമില്‍ വച്ച് കോലിയോട് മാപ്പ് പറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹാനെയുടെ വാക്കുകള്‍... ''വളരെയേറെ ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നത്. ഞങ്ങള്‍ രണ്ട് പേരും നന്നായി കളിച്ചുകൊണ്ടിരിക്കുയായിരുന്നു. ആദ്യ ദിവസം സ്റ്റംപെടുത്തതിന് ശേഷം ഞാന്‍ കോലിയുടെ അടുത്ത് പോയിരുന്നു. അദ്ദേഹത്തിന് ക്ഷമ ചോദിച്ചു. കോലിയത് സാരമില്ലെന്ന രീതിയില്‍ ഒഴിവാക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും. അതില്‍ നിന്നെല്ലാം മാറി ചിന്തിക്കണം, മുന്നേറണം.'' രഹാനെ പറഞ്ഞു. 

കോലി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് മെല്‍ബണ്‍ ടെസ്റ്റിന് കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും രഹാനെ പറഞ്ഞു. ''നാട്ടിലേക്ക് തിരിക്കും മുമ്പ് കോലിയുമായി ഒരിക്കല്‍കൂടി സംസാരിച്ചിരുന്നു. ഒരു ടീമായി കളിക്കണമെന്നാണ് അദ്ദേഹം നല്‍കിയ നിര്‍ദേശം.'' രഹാനെ വ്യക്തമാക്കി. കോലിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്നും അതുകൊണ്ടുതന്നെ അദ്ദേഹം പരമ്പരയ്ക്കിടെ വിളിച്ച് ശല്യപ്പെടുത്തില്ലെന്നും രഹാനെ വ്യക്തമാക്കി.