എന്നെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കാതിരുന്നപ്പോള്‍ ശരിക്കും നിരാശതോന്നി. കാരണം, ഞാന്‍ മികച്ച പ്രകടനം നടത്തുമ്പോഴായിരുന്നു ഒഴിവാക്കിയത്.

പൂനെ: മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമില്‍ നിന്ന് പലവട്ടം ഒഴിവാക്കിയപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്ന് ജാര്‍ഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചശേഷം യുവതാരം ഇഷാന്‍ കിഷന്‍. ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ പലപ്പോഴും വിഷമം തോന്നിയിരുന്നു, പക്ഷെ എനിക്ക് ഇപ്പോള്‍ അത്തരം പ്രതീക്ഷകളൊന്നുമില്ല, ഏത് ടീമിനായി കളിച്ചാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളതെന്നും മുഷ്താഖ് അലി ട്രോഫി കിരീടനേട്ടത്തിനുശേഷം ഇഷാന്‍ കിഷന്‍ പറഞ്ഞു.

എന്നെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കാതിരുന്നപ്പോള്‍ ശരിക്കും നിരാശതോന്നി. കാരണം, ഞാന്‍ മികച്ച പ്രകടനം നടത്തുമ്പോഴായിരുന്നു ഒഴിവാക്കിയത്. പക്ഷെ പിന്നീട് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും എന്നെ ടീമിലെടുക്കുന്നില്ലെങ്കില്‍ ഞാന്‍ ഇതിലും മികച്ച പ്രകടനം നടത്തേണ്ടിവരും. ടീമെന്ന നിലയില്‍ കിരീടങ്ങള്‍ നേടുകയും ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യേണ്ടിവരും. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അസ്വസ്ഥനായെങ്കിലും അസ്വസ്ഥത നമ്മെ ഭരിക്കാന്‍ അനുവദിക്കരുത്. യുവതാരങ്ങളോടും എനിക്ക് അതാണ് പറയാനുള്ളത്. കാരണം അസ്വസ്ഥനായിരുന്നാല്‍ അത് നിങ്ങളെ പിന്നെയെും പിടിച്ച് താഴ്ത്തുകയെ ഉള്ളു. അതേസമയം കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയും.

ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും എന്‍റെ പേരുണ്ടോ എന്ന് നോക്കാറുണ്ട്. ഇല്ലെന്ന് അറിയുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെ ഒന്നും തോന്നാറില്ല. കാരണം, ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. മികച്ച പ്രകടനം നടത്തുക എന്നത് മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം നേടിയത് ഇതുവരെയുള്ള കരിയറിലെ ഏറ്റവും സന്തോഷമുള്ള നിമഷമാണെന്നും കിഷന്‍ പറഞ്ഞു. തന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ആഭ്യന്തര കിരീടം നേടിയിട്ടില്ല.ഇതായിരുന്നു എന്‍റെ കഴിവ് തെളിയിക്കാനുള്ള അവസരം. പലപ്പോഴും നമ്മുടെ കഴിവില്‍ സംശയിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും വിജയങ്ങള്‍ അതെല്ലാം മായ്ച്ചു കളയുമെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക