ഡൊമനിക്കയിലെ സ്ലോ പിച്ചില്‍ രഹാനെ പിടിച്ചു നില്‍ക്കാതെ അലസമായി ഷോട്ട് കളിച്ച് പുറത്തായതാണ് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

ട്രിനിഡാഡ്: ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെത്തുകയും ഫൈനലില്‍ ടോപ് സ്കോററാകുയും പിന്നാലെ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്ത അജിങ്ക്യാ രഹാനെയുടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനം വീണ്ടും തുലാസില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ മറ്റന്നാള്‍ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തിയാല്‍ വീണ്ടും ടീമിന് പുറത്തേക്ക് പോകേണ്ടിവരുമെന്ന ഭീഷണിയിലാണ് രഹാനെ.

ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോററായ രഹാനെ രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റനായി രഹാനെയെ ഉയര്‍ത്തിയത്. ടീമിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തതിനെ മുന്‍കാല താരങ്ങളില്‍ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ രഹാനെ താല്‍ക്കാലിക നായകനാകുമെന്നും പുതിയ തലമുറയിലെ ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങളെ നായകരായി വളര്‍ത്തിയെടുക്കുന്നതു വരെ രഹാനെ നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ പിന്നെ ഇന്ത്യക്ക് അടുത്ത കാലത്തൊന്നും ടെസ്റ്റ് പരമ്പരകളില്ല. വിന്‍ഡീസ് പരമ്പരക്ക് ശേഷം ഏഷ്യാ കപ്പിലും പിന്നാലെ ലോകകപ്പിലുമാണ് ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങേണ്ടത് രഹാനെക്ക് അനിവാര്യമാണ്.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്, യുവതാരത്തെ ഒഴിവാക്കി

ഡൊമനിക്കയിലെ സ്ലോ പിച്ചില്‍ രഹാനെ പിടിച്ചു നില്‍ക്കാതെ അലസമായി ഷോട്ട് കളിച്ച് പുറത്തായതാണ് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവരുന്നതുവരെയുള്ള താല്‍ക്കാലിക പരിഹാരമെന്ന നിലയിലാണ് രഹാനെക്ക് ടീമില്‍ വീണ്ടും അവസരം നല്‍കിയതെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനം കൊണ്ട് രഹാനെ തന്‍റെ ക്ലാസ് മങ്ങിയിട്ടില്ലെന്ന് അടിവരയിട്ടിരുന്നു.

എന്നാല്‍ വിന്‍ഡീസിനെതിരെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള രഹാനെക്ക് രണ്ടാം ടെസ്റ്റിലും തിളങ്ങാന്‍ കഴിയാതിരിക്കുകയും ശ്രേയസും രാഹുലും പരിക്ക് മാറി തിരിച്ചെത്തുകയും ചെയ്താല്‍ ഒരിക്കല്‍ കൂടി ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടേണ്ടിവരുമെന്നാണ് സൂചന. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.