Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്

ഇപ്പോള്‍ അപേക്ഷ നല്‍കിയവരില്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവാനുള്ള സാധ്യത കൂടുതലാണ്

Ajit Agarkar applies for national selector job
Author
Mumbai, First Published Jan 24, 2020, 6:52 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്‍കി കൂടുതല്‍ മുന്‍ താരങ്ങള്‍. ഇന്ത്യന്‍ ടീം മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ, നയന്‍ മോംഗിയ എന്നിവരാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതിയായ ഇന്ന് രംഗത്തെത്തിയത്. മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്‍, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരും സെലക്ടര്‍ പോസ്റ്റിലേക്ക് കഴിഞ്ഞ ദിവസം അപേക്ഷിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റിയിയില്‍  ഒഴിവുള്ള രണ്ട് സ്ഥാനത്തേക്കാണ് ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാളായിരിക്കും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എം എസ് കെ പ്രസാദ്, ഗഗന്‍ ഗോഡ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ശരണ്‍ദീപ് സിംഗ്, ജതിന്‍ പരഞ്ജ്പെ, ദേവാംഗ് ഗാന്ധി എന്നിവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.

ഇപ്പോള്‍ അപേക്ഷ നല്‍കിയവരില്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവാനുള്ള സാധ്യത കൂടുതലാണ്. ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ള(288 വിക്കറ്റ്) 42കാരനായ അഗാര്‍ക്കര്‍ 191 ഏകദിനങ്ങളിലും 26 ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യക്കായി കളിച്ചു. മുംബൈ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നതിന്റ അനുഭവസമ്പത്തും അഗാര്‍ക്കര്‍ക്കുണ്ട്.

അഗാര്‍ക്കര്‍ക്കൊപ്പം സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍നിരയിലുള്ളത് ലക്ഷ്മണ്‍ ശിവരാമകൃഷ്ണനാണ്. ഓസ്ട്രേലിയയില്‍ നടന്ന ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കപ്പിലെ ഇന്ത്യയുടെ ഹീറോ ആയ ശിവരാമകൃഷ്ണന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രണ്ട് പതിറ്റാണ്ടായി കമന്ററി രംഗത്ത് സജീവമാണ്. ഇന്ത്യക്കായി ഒമ്പത് ടെസ്റ്റിലും 16 ഏകദിനത്തിലും ശിവരാമകൃഷ്ണന്‍ കളിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios