സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ അജിത് അഗാര്‍ക്കര്‍ ദുലീപ് ട്രോഫി ഫൈനല്‍ കാണാനെത്തി. ബിസിസിഐ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്തതിനാലാണെന്ന് സെക്രട്ടറി അറിയിച്ചു.

ചെന്നൈ: എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ദുലീപ് ട്രോഫി ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ സ്റ്റേഡിയത്തിലെത്തി. മുംബൈയില്‍ നടന്ന ബി സി സി ഐ അവലോകന യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് വലിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് അഗാര്‍ക്കറുടെ ഈ പൊതുവേദിയിലെ സാന്നിധ്യം. സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടയിലാണ് ഗാലറിയില്‍ അദ്ദേഹത്തെ കണ്ടത്.

പെട്ടെന്ന് വിളിച്ചുകൂട്ടിയ യോഗമായതിനാല്‍ അഗാര്‍ക്കര്‍ പുറത്തായിരുന്നുവെന്നും, നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സ്ഥലത്തായിരുന്നതിനാല്‍ ഓണ്‍ലൈനായി പോലും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ബി സി സി ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. അഗാര്‍ക്കറുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങളിലെ പ്രകടനങ്ങളും ശ്രീലങ്കയിലെ ടെസ്റ്റ് പരമ്പരയും വരാനിരിക്കുന്ന ലോകകപ്പും മാത്രമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും സൈകിയ വ്യക്തമാക്കി.

പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍, ടെസ്റ്റ്-ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, വരാനിരിക്കുന്ന ഇന്ത്യ എ ടീം തിരഞ്ഞെടുപ്പിനായി താരങ്ങളുടെ പ്രകടനം വിലയിരുത്താനാണ് അഗാര്‍ക്കര്‍ ചെന്നൈയിലെത്തിയത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അഞ്ച് എ ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കും ന്യൂസീലന്‍ഡ് പര്യടനത്തിനുമുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ദുലീപ് ട്രോഫിയിലെ പ്രകടനങ്ങള്‍ നിര്‍ണായകമാകും.

YouTube video player