ഉമ്രാന്‍ മാലിക്കിനെ വീണ്ടും തഴഞ്ഞു; ഏഷ്യന്‍ ഗെയിംസ് ടീമില്‍ ശിവം മാവിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു
പകരക്കാരനായി ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഉമ്രാന് പകരം റോയല്‍ ചലഞ്ചേഴ്സ് പേസര്‍ അകാശ് ദീപിനാണ് ഏഷ്യന്‍ ഗെയിംസിനുളള ടി20 ടീമില്‍ സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും മാറ്റം. പരിക്കേറ്റ പേസര്‍ ശിവം മാവി ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് പുറത്തായി. പുറത്തേറ്റ പരിക്കാണ് ശിവം മാവിക്ക് തിരിച്ചടിയായത്. പകരക്കാരനായി ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഉമ്രാന് പകരം റോയല്‍ ചലഞ്ചേഴ്സ് പേസര്‍ അകാശ് ദീപിനാണ് ഏഷ്യന്‍ ഗെയിംസിനുളള ടി20 ടീമില്‍ സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.
ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ നിലവില്‍ പരിശീലനം നടത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ഉമ്രാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യക്കായി കളിച്ച എട്ട് ടി20 കളില്‍ 11 വിക്കറ്റാണ് ഉമ്രാന്‍റെ നേട്ടം. വേഗതയുണ്ടെങ്കിലും യഥേഷ്ടം റണ്‍സ് വഴങ്ങുന്നതാണ് ഉമ്രാന് ഏഷ്യന്‍ ഗെയിംസിനുള്ള ടി20 ടീമിലെത്താന്‍ തടസമായതെന്നാണ് കരുതുന്നത്. ടി20 ക്രിക്കറ്റില്‍ 10.48 ആണ് ഉമ്രാന്‍റെ ബൗളിംദ് ഇക്കോണമി.
കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി ആകാശ് ദീപ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ആര്‍സിബി കുപ്പായത്തില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ 39 വിക്കറ്റെടുത്ത ആകാശ ദീപിന്‍റെ ബൗളിംഗ് ഇക്കോണമി 7.38 മാത്രമാണ്. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കാനും ആകാശ് ദീപിനാവുമെന്നതും സെലക്ടര്‍മാര്‍ പരിഗണിച്ചു. ഈ മാസം 28നാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുക.ഒക്ടോബര്‍ എട്ടുവരെ മത്സരങ്ങള്‍ നീളും. വനിതാ ക്രിക്കറ്റ് 19 മുതല്‍ 28വരെയാണ്.
2023 ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), ആകാശ് ദീപ്.
സ്റ്റാൻഡ്‌ബൈ താരങ്ങള്‍: യാഷ് താക്കൂർ, സായ് കിഷോർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക