കൊളംബോ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നതില്‍ നിന്ന് ശ്രീലങ്കന്‍ സ്‌പിന്നര്‍ അഖില ധനഞ്ജയക്ക് ഒരു വര്‍ഷത്തെ വിലക്ക്. താരത്തിന്‍റെ ബൗളിംഗ് ആക്ഷന്‍ നിയമാനുസൃതമല്ലെന്ന് വീണ്ടും ഐസിസി കണ്ടെത്തിയതോടെയാണിത്. 

ഈ വര്‍ഷം ഗോളില്‍ കിവീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ധനഞ്ജയ നിയമാനുസൃതമല്ലാത്ത ആക്ഷനില്‍ പന്തെറിഞ്ഞു എന്നായിരുന്നു മാച്ച് റഫറിയുടെ കണ്ടെത്തല്‍. പിന്നാലെ ഓഗസ്റ്റ് 29ന് താരം ചെന്നൈയില്‍ പരിശോധനയ്‌ക്ക് വിധേയനായി. ഗോള്‍ ടെസ്റ്റില്‍ ലങ്കയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ധനഞ്ജയ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു

നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷന് ധനഞ്ജയ 2018 ഡിസംബറിലും വിലക്ക് നേരിട്ടിരുന്നു. വീണ്ടും പന്തെറിയാനുള്ള അനുമതി 2019 ഫെബ്രുവരിയില്‍ താരത്തിന് ലഭിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിനിടെ വീണ്ടും താരം പിടിക്കപ്പെട്ടതോടെ 12 മാസം വിലക്ക് ലഭിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം താരം വീണ്ടും ആക്ഷന്‍ തെളിയിക്കേണ്ടതുണ്ട്.