മുംബൈ: ലോക ക്രിക്കറ്റില്‍ ഫിനിഷര്‍മാരില്‍ ഒരൊറ്റ കീരിടധാരിയെയുള്ളൂ. അത് ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ഇതിഹാസ താരം എം എസ് ധോണിയാണ്. ധോണിയുടെ ഫിനിഷിംഗ് മികവ് ലോകകപ്പിലടക്കം ക്രിക്കറ്റ് ആരാധകരെ ആവേശത്തിരയിലാഴ്‌ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഓസ്‌ട്രേലിയന്‍ താരം പറയുന്നു എം എസ് ധോണിയെ പോലൊരു ഫിനിഷറാവണം തനിക്കെന്ന്. 

ധോണിക്ക് മുന്‍പ് ലോകോത്തര ഫിനിഷറായി പേരെടുത്ത ഓസീസ് മുന്‍ താരം മൈക്കല്‍ ബെവനടക്കമുള്ളവരെ മാതൃകയാക്കാതെയാണ് താരം 'തല'യ്‌ക്ക് പിന്നാലെ കൂടിയിരിക്കുന്നത്. 

'തല തന്നെ മാസ്', ധോണിയില്‍ നിന്ന് പഠിക്കാനേറെ...

'ഒട്ടേറെ മേഖലകളില്‍ ഇപ്പോഴും മികവ് കൈവരിക്കാനുണ്ട്. അതിനായാണ് ഇപ്പോഴത്തെ ശ്രമം. മധ്യനിരയിലോ ലോവര്‍ ഓഡറിലോ ആയിരിക്കും താന്‍ ബാറ്റ് ചെയ്യുകയെന്ന് ഉറപ്പാണ്. അതിനാല്‍ ഓസീസിനായി മത്സരം ഫിനിഷ് ചെയ്യുകയായിരിക്കും തന്‍റെ ചുമതല. ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന നിലയില്‍ ധോണിയെ നോക്കുമ്പോള്‍ അദേഹത്തില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്' എന്നും ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരി പറഞ്ഞു.

'ധോണിക്കെതിരെ ആവശ്യത്തിന് മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞ വര്‍ഷം കഴിഞ്ഞത് ഭാഗ്യമാണ്. ധോണി മത്സരത്തെ ആഴത്തില്‍ വീക്ഷിക്കുന്നതും ഇന്ത്യയെ വിജയിപ്പിക്കുന്നതും അടുത്തറിയാനായി. അത് ഏകദിന ക്രിക്കറ്റില്‍ ചെയ്യാനാകും എന്നാണ് എന്‍റെ പ്രതീക്ഷ എന്നും ഇന്ത്യന്‍ പരമ്പരയ്‌ക്കെത്തിയ താരം മുംബൈയില്‍ കൂട്ടിച്ചേര്‍ത്തു. മധ്യഓവറുകളില്‍ സ്‌പിന്നര്‍മാരെയും ഡത്ത് ഓവറുകളില്‍ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടക്കമുള്ള ലോകോത്തര പേസര്‍മാരെയും നേരിടുക വെല്ലുവിളിയാകും' എന്നും അലക്‌സ് ക്യാരി വ്യക്തമാക്കി. 

മൂന്ന് ഏകദിനവും ഓസീസിന് വലിയ വെല്ലുവിളി

'ഇന്ത്യക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളും വെല്ലുവിളിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്‍റെ ജോലി നന്നായി ചെയ്യാനാണ് ശ്രമം. വിക്കറ്റ് കീപ്പിംഗും മിഡില്‍ ഓഡറിലെ ബാറ്റിംഗുമാണ് തനിക്ക് ചെയ്യാനുള്ളത്. ബാറ്റിംഗിനെ കുറിച്ച് അത്ര വലിയ ആശങ്ക തനിക്കില്ല. അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നതില്‍ സംതൃപ്തനാണ്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ടോപ് ഓഡറിലുണ്ട്.

ഇന്ത്യയില്‍ കളിക്കുക പ്രയാസമാണെങ്കിലും മികച്ച കാട്ടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ട്. ബാറ്റിംഗില്‍ വാര്‍ണറിനും സ്‌മിത്തിനും ലബുഷെയ്‌നും പുറമെ ബൗളിംഗില്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സുമുണ്ട്. അതിനാല്‍ തങ്ങളുടെ കഴിവില്‍ ആശങ്കയോ സംശയമോ ഇല്ല. ഓസീസ് ടീമിന്‍റെ കരുത്ത് എന്താണ് എന്ന് മുന്‍പ് തെളിയിച്ചതാണ്'- അലക്‌സ് ക്യാരി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏകദിന പരമ്പര 3-2ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പിലടക്കം തിളങ്ങിയ അലക്‌സ് ക്യാരി ഓസീസ് സംഘത്തിന്‍റെ ഉപനായകനായാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പതിനാലാം തിയതി മുംബൈയിലാണ് ആദ്യ ഏകദിനം.