14 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതുള്ള ആർസിബിക്ക് ഈ മത്സരത്തിലെ വിജയം പ്ലേ ഓഫ് ബെർത്ത് ഏതാണ്ട് ഉറപ്പാക്കും.

റായ്പൂർ: ഐപിഎല്ലിന്‍റെ ലീഗ് ഘട്ടം അവസാനത്തോടടുക്കുമ്പോൾ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. റായ്പൂരില്‍ വൈകിട്ട് 7.30നാണ് മത്സരം. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുടെ പകിട്ടുമായി എത്തുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നാണ് ആര്‍സിബി ആരാധകരുടെ ആശങ്ക.

Add Asianetnews as a Preferred SourcegooglePreferred

14 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതുള്ള ആർസിബിക്ക് ഈ മത്സരത്തിലെ വിജയം പ്ലേ ഓഫ് ബെർത്ത് ഏതാണ്ട് ഉറപ്പാക്കും. എന്നാൽ സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്ന എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകൂ.

സീസണിൽ 379 റൺസുമായി തകർപ്പൻ ഫോമിലായിരുന്ന വിരാട് കോലിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അടിതെറ്റിയത് ആര്‍സിബിയുടെ വലിയ ആശങ്കയാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് (0) പുറത്തായ കോലിക്ക് റായ്പൂരിലെ വേഗത കുറഞ്ഞ പിച്ചിൽ മികച്ച തുടക്കം നൽകേണ്ടത് അനിവാര്യമാണ്. കോലി നിശബ്ദനായപ്പോൾ ക്രുനാൽ പാണ്ഡ്യയും ദേവ്ദത്ത് പടിക്കലും രക്ഷകരായെങ്കിലും, കൊല്‍ക്കത്തക്കെതിരെ കോലിയുടെ മത്സരഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

അതിനിടെ റായ്പൂരിലെ വേഗത കുറഞ്ഞ പിച്ചില്‍ തിളങ്ങാൻ കഴിയുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്ക് ടീമിന് വലിയ ആശങ്കയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് ശേഷം വരുൺ ക്രച്ചസ് ഉപയോഗിച്ചായിരുന്നു നടന്നത്. സ്പിന്നിനെ തുണയ്ക്കുന്ന റായ്പൂർ പിച്ചിൽ വരുൺ കളിച്ചില്ലെങ്കിൽ അത് സുനിൽ നരെയ്ൻ നയിക്കുന്ന ബൗളിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതുപോലെ റായ്പൂരിലെ പിച്ച് ബാറ്റർമാരെ പരീക്ഷിക്കുമെന്നാണ് കരുതുന്നത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ആർസിബിയുടെ ബാറ്റിംഗ് കരുത്തും കൊല്‍ക്കത്തയുടെ സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും കാണാനാകുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക