സിഡ്നി: ഐപിഎല്‍ പോലുള്ള ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്‍റുകളിലേക്ക് വിദേശതാരങ്ങളെ അയക്കുന്നതിനെതിരെ മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡര്‍. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്‍റുകളിലേക്ക് ക്രിക്കറ്റ് ബോര്‍ഡുകള്‍ അവരുടെ കളിക്കാരെ അയക്കുന്നത് നിര്‍ത്തണമെന്ന് ബോര്‍ഡര്‍ ആവശ്യപ്പെട്ടു.

ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്‍റുകള്‍ ഐസിസി ടൂര്‍ണമെന്‍റുകളുടെ പോലും പ്രാധാന്യം ഇല്ലാതാക്കുകയാണ്. വെറും പണം ഉണ്ടാക്കാനുള്ള ടൂര്‍ണമെന്‍റുകളാണിത്. പ്രാദേശിക ടൂര്‍ണമെന്‍റുകളെക്കാള്‍ ഐസിസി ടൂര്‍ണമെന്‍റുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ടി20 ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ അതിന് പകരം ഐപിഎല്ലും നടത്താന്‍ പാടില്ല.

ടി20 ലോകകപ്പ് നീട്ടിവെച്ച സാഹചര്യത്തില്‍ ഐപിഎല്‍ നടത്താനുള്ള തീരുമാനത്തെ ഞാന്‍ ചോദ്യം ചെയ്യുകയാണ്. പണംവാരാനുള്ള മത്സരങ്ങള്‍ മാത്രമാണത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്‍റുകളിലേക്ക് കളിക്കാരെ അയക്കരുതെന്നും ബോര്‍ഡര്‍ പറഞ്ഞു.

ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം വിചാരിക്കണം. അതില്‍ വിരാട് കോലിയെപ്പോലുള്ള കളിക്കാര്‍ക്ക് വലിയ പങ്കുണ്ടെന്നും ബോര്‍ഡര്‍ പറഞ്ഞു.