കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ് രവീന്ദ്ര ജഡേജ. ഫിറ്റ്നെസിന്റെ കാര്യത്തിലും ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ്. ഇക്കാര്യം അടിവരയിട്ട് പറയുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിനുശേഷം കോലി ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ജഡേജയുടെ ഫിറ്റ്നസിനെ പുകഴ്ത്തുന്നത്. ടീമിന്റെ പരിശീലന സെഷനുകള്‍ ശരിക്കും ആസ്വാദ്യകരമാണെന്നും പരിശീലനത്തിന് ജഡ്ഡുവും ഉണ്ടെങ്കില്‍ ഒരിക്കലും അവനെ ഓടിത്തോല്‍പ്പിക്കാനാവില്ലെന്നും കോലി ട്വീറ്റില്‍ പറയുന്നു.

കോലിയും ജഡേജയും ഋഷഭ് പന്തും ഒരുമിച്ച് ഓടുന്ന ചിത്രം പങ്കുവെച്ചാണ് കോലിയുടെ ട്വീറ്റ്. മുമ്പൊരിക്കല്‍ മത്സരത്തിനിടെ ബൗണ്ടറിയിലേക്ക് പാഞ്ഞ പന്തിന് പിന്നാലെയുള്ള ഓട്ടത്തില്‍ കോലിയെ ജഡേജ ഓടിത്തോല്‍പ്പിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.