തിരുവനന്തപുരം: ആവശ്യമെങ്കില്‍ ടീമിനായി വിക്കറ്റ് കീപ്പറാവാനും തയാറെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്ന് സഞ്ജുവിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് വിക്കറ്റ് കീപ്പിംഗിനും തയാറാണെന്ന് സഞ്ജു പ്രതികരിച്ചത്.

വിക്കറ്റ് കീപ്പിംഗിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ മാറി നില്‍ക്കില്ലെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി രഞ്ജി ട്രോഫിയിലും ഏകദിന ക്രിക്കറ്റിലും ഞാന്‍ കേരളത്തിനായി വിക്കറ്റ് കാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പിംഗ് എന്നത് എനിക്ക് അധിക ബാധ്യതയല്ല. ടീമിന്റെ ആവശ്യമനുസരിച്ച് എന്തു ചെയ്യാനും തയാറാണ്. ഐപിഎല്ലിലും ടീം കീപ്പ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഞാന്‍ വിക്കറ്റ് കീപ്പറായിട്ടുണ്ട്.

ഓരോ മത്സരത്തിന് മുമ്പും കീപ്പറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും തയാറെടുപ്പുകള്‍ നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഏത് രീതിയിലും കളിക്കാനാവും. വിക്കറ്റ് കീപ്പിംഗ് എനിക്കിഷ്ടമല്ല എന്നത് തെറ്റായ പ്രചാരണമാണ്. അടിസ്ഥാനപരമായി ഞാനൊരു വിക്കറ്റ് കീപ്പറാണ്. ടീം എന്നോട് കീപ്പ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ കീപ്പ് ചെയ്യുകയും ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ഫീല്‍ഡ് ചെയ്യുകയുമാണ് ഞാന്‍ ചെയ്യുന്നത്.

ഓരോ തവണയും ഇതില്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ല. മുന്നോട്ടുള്ള വഴിയില്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് കോച്ച് രവി ശാസ്ത്രിയുമായും ക്യാപ്റ്റന്‍ വിരാട് കോലിയുമായും സംസാരിക്കുമെന്നും സഞ്ജു പറഞ്ഞു. ഇപ്പോള്‍ എനിക്കതിനൊരവസരം കിട്ടി. അപ്പോള്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുക എന്നതല്ല, രാജ്യത്തിനായി ടി20 ലോകകപ്പ് നേടിക്കൊടുക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും സഞ്ജു പറഞ്ഞു.