ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ പുനരാലോചനയുമായി മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു. എത്രയും വേഗം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് റായുഡു പറഞ്ഞു. ഇന്ത്യക്കായും ഐപിഎല്ലിലും കളിക്കാന്‍ താന്‍ തയാറാണെന്നും റായുഡു സ്പോര്‍ട്സ് സ്റ്റാറിനോട് വ്യക്തമാക്കി.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് റായുഡു ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തതിനെത്തുടര്‍ന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ 33കാരനായ റായുഡു തീരുമാനിക്കുകയായിരുന്നു.

വിരമിക്കാനുള്ള തീരുമാനം വികാരപരമായിരുന്നില്ലെന്ന് റായുഡു പറഞ്ഞു. ലോകകപ്പ് ടീമില്‍ കളിക്കാനായി നാലഞ്ചു കൊല്ലത്തോളം കഠിനമായി പരിശ്രമിച്ചു. തഴയപ്പെട്ടപ്പോള്‍ നിരാശ തോന്നി എന്നത് ശരിയാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് തോന്നുന്നു. എത്രയും വേഗം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാണ് പരിശ്രമിക്കുന്നത്. കായികക്ഷമത നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കളിക്കുന്നതില്‍ വലിയ കാര്യമില്ല.

ഞാന്‍ ഈ കളിയെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ തിരികെയെത്താന്‍ ആഗ്രഹിക്കുന്നു. കുറച്ചുകാലമായി ക്രിക്കറ്റ് കളിക്കുന്നില്ല. അതിനാല്‍ ആദ്യം കായികക്ഷമത വീണ്ടെടുക്കാനാണ് ശ്രമം. ഒന്നൊന്നര മാസത്തിനുള്ളില്‍ അതിന് കഴിയുമെന്നാണ് കരുതുന്നത്- റായുഡു പറഞ്ഞു. സെപ്റ്റംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ റായുഡു കളിക്കാന്‍ തയാറാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും അതിനായി ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതുണ്ടെന്നും റായുഡു പറഞ്ഞു. ഇന്ത്യക്കായി വീണ്ടും കളിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും, ആരാണ് അത് ആഗ്രഹിക്കാത്തത് എന്നായിരുന്നു റായുഡുവിന്റെ മറുപടി.