ഹൈദരാബാദ്: വിരമിക്കല്‍ തീരുമാനത്തില്‍ മലക്കംമറിഞ്ഞ അമ്പാട്ടി റായുഡു സജീവക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ തയ്യാറാണെന്നറിയിച്ച് റായുഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതി. റായുഡുവിനെ 2019-20 സീസണിലേക്കുള്ള ടി20 ടീമില്‍ ഉള്‍പ്പെടുത്തിയതായി പിന്നാലെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മാധ്യമങ്ങളെ അറിയിച്ചു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള റായുഡുവിന്‍റെ തീരുമാനത്തിന് പിന്നില്‍ ചില സീനിയര്‍ താരങ്ങളുടെ ഇടപെടലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

'വിഷമഘട്ടത്തില്‍ പിന്തുണച്ച, ഇനിയും ക്രിക്കറ്റ് എന്നില്‍ ബാക്കിയുണ്ടെന്ന് ബോധ്യപ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വിവിഎസ് ലക്ഷ്‌മണിനും നോയല്‍ ഡേവിഡിനും നന്ദിയറിക്കുന്നു. വൈകാരികമായാണ് വിരമിക്കല്‍ തീരുമാനമെടുത്തത്. പ്രതിഭാസമ്പന്നമായ ഹൈദരാബാദ് ടീമിനൊപ്പം മികച്ച സീസണാണ് ലക്ഷ്യംവെക്കുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ തന്‍റെ സേവനം ലഭ്യമായിരിക്കുമെന്നും' ഇമെയില്‍ സന്ദേശത്തില്‍ റായുഡു വ്യക്തമാക്കി. 

ലോകകപ്പ് ടീമില്‍ നിന്ന്  പുറത്താക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്റ്റാന്‍റ് ബൈ താരമായിരുന്നു അമ്പാട്ടി റായുഡ‍ു. എന്നാല്‍ വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ റായുഡ‍ുവിനെ തഴഞ്ഞ് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് സെലക്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് താരം വിരമിക്കല്‍  പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്.