ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് നിരാശ. ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ രാഹുല്‍ ഹൈദരാബാദിനെതിരെ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍ 45.2 ഓവറില്‍ കര്‍ണാടക 177 റണ്‍സിന് ഓള്‍ ഔട്ടായി.

രാഹുല്‍ നിരാശപ്പെടുത്തിയപ്പോള്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ കര്‍ണാടകയ്ക്കായി അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 104 പന്തില്‍ 60  റണ്‍സടിച്ച ദേവദത്ത് പടിക്കലിന് പുറമെ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ 48 റണ്‍സടിച്ചു. എന്നാല്‍ കര്‍ണാടക നിരയില്‍ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. ഹൈദരാബാദിനായി ഭവനക സന്ദീപ് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി അംബാട്ടി റായുഡുവാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 111 പന്തില്‍ 87 റണ്‍സടിച്ച റായുഡുവിന് പുറമെ ചാമാ വി മിലിന്ദ്(36), അക്ഷത് റെഡ്ഡി(21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കര്‍ണാടകയ്ക്കായി അഭിമന്യു മിഥുനും പ്രസിദ്ധ് കൃഷ്ണയും റോണിത് മോറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.