ഐപിഎല്ലിലെ മോശം ഫോമിന്റെ പേരിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം അമ്പാട്ടി റായുഡു. അഹങ്കാരം മാറ്റിവെച്ച് യാഥാർത്ഥ്യം ഉൾക്കൊണ്ട് സ്മാർട്ടായി ബാറ്റ് ചെയ്യണമെന്ന് റായുഡു ഉപദേശിച്ചു.

മുംബൈ: ഐപിഎല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചയ്‌ക്കൊപ്പം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമും വലിയ ചര്‍ച്ചയാകുന്നു. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് ടീമിന് വലിയ തിരിച്ചടിയായിരുന്നു. 23 പന്തില്‍ നിന്ന് വെറും 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന്റെ സമീപനത്തെ വിമര്‍ശിച്ച് മുന്‍ മുംബൈ താരം അമ്പാട്ടി റായുഡു രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

താന്‍ ഫോമിലല്ലെന്ന കാര്യം ഹാര്‍ദിക് ആദ്യം സമ്മതിക്കണമെന്ന് റായുഡു പറഞ്ഞു. ''ഏതൊരു ബാറ്ററുടെയും കരിയറില്‍ ഇത്തരം ഘട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ താന്‍ ഫോമിലല്ല എന്ന് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും വേണം. അനാവശ്യമായ അഹങ്കാരം കാണിക്കാതെ, സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സ്മാര്‍ട്ടായി ബാറ്റ് ചെയ്യാനുമാണ് ഹാര്‍ദിക് ശ്രമിക്കേണ്ടത്.'' റായുഡു പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ അവസാന 10 ഓവറില്‍ വെറും 69 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.

ഓഫ് സൈഡിലെ പന്തുകള്‍ നേരിടുന്നതില്‍ ഹാര്‍ദിക് പരാജയപ്പെട്ടുവെന്ന് റായുഡു ചൂണ്ടിക്കാട്ടി. പന്തിന്റെ വേഗത ഉപയോഗപ്പെടുത്തി തേര്‍ഡ് മാനിലൂടെയോ പോയിന്റിലൂടെയോ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ലെഗ് സൈഡിലേക്ക് മാത്രം പന്ത് അടിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്ന് അദ്ദേഹം വിലയിരുത്തി.

മുംബൈയുടെ ദയനീയ അവസ്ഥ

ഹാര്‍ദിക്കിന്റെ നായകത്വത്തിന് കീഴില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴിലും മുംബൈ പരാജയപ്പെട്ടു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 146 റണ്‍സ് മാത്രമാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 136.44 എന്ന പരിതാപകരമായ നിലയിലുമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ച മുംബൈയ്ക്ക് ഇനി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട നായകന്‍ തന്നെ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വരും മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സിന് വലിയ വെല്ലുവിളിയാകും.

YouTube video player