യുവ പേസര്‍ പ്രിന്‍സ് യാദവ് 2027 ലോകകപ്പില്‍ വിരാട് കോലിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഐപിഎല്ലില്‍ കോലിയെ പുറത്താക്കിയതടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് മുന്‍ താരം അമ്പാട്ടി റായുഡു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മികച്ച സ്ഥിതിവിവരക്കണക്കുകളോടെ, പ്രിന്‍സ് ഇന്ത്യന്‍ ടീമിലേക്കുള്ള ഒരു വാഗ്ദാനമായി കണക്കാക്കപ്പെടുന്നു.

മുംബൈ: ''2027 ലോകകപ്പില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കുമൊപ്പം എനിക്ക് എപ്പോള്‍ കളിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യ ആ ലോകകപ്പ് നേടണം, ആ ടീമില്‍ ഞാനുമുണ്ടാകണം.'' കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം പ്രിന്‍സ് യാദവ് പറഞ്ഞ വാക്കുകളാണിവ. ആ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് 2026 ഐപിഎല്ലില്‍ ഈ ഡല്‍ഹി സ്വദേശിയായ യുവ പേസര്‍ പുറത്തെടുക്കുന്നത്. സീസണിലെ ഏറ്റവും മികച്ച പന്തുകളില്‍ ഒന്നിലൂടെ തന്റെ ഹീറോ ആയ കോലിയെ പുറത്താക്കിയാണ് പ്രിന്‍സ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ലഖ്‌നൗവിന്റെ വിശ്വസ്തന്‍

മുഹമ്മദ് ഷമി, മായങ്ക് യാദവ് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കിടയില്‍ ഒരു പുതുമുഖമായി എത്തിയ പ്രിന്‍സ്, നിശബ്ദമായി തന്റെ കഴിവ് തെളിയിച്ചു. ആര്‍സിബിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ 10 മത്സരങ്ങളില്‍ നിന്ന് പ്രിന്‍സിന്റെ വിക്കറ്റ് നേട്ടം 16 ആയി. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാനുള്ള കഴിമാണ് പ്രിന്‍സിനെ ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പ്രിയപ്പെട്ട ബൗളറാക്കുന്നത്.

അമ്പാട്ടി റായുഡുവിന്റെ പ്രശംസ

പ്രിന്‍സ് ഉടന്‍ തന്നെ ഇന്ത്യന്‍ ജേഴ്‌സി അണിയുമെന്ന് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു പ്രവചിക്കുന്നു. ''അവന്‍ ഒരു പ്രത്യേക പ്രതിഭയാണ്. ലോകത്തിലെ ഒരു ബാറ്റ്സ്മാനും കളിക്കാന്‍ കഴിയാത്ത അത്ര മനോഹരമായ പന്തായിരുന്നു കോലിയുടേത്. പന്തിന്റെ വേഗതയും സ്വിംഗും അവനെ വ്യത്യസ്തനാക്കുന്നു.'' റായുഡു പറഞ്ഞു.

മികവിന്റെ കണക്കുകള്‍

ഈ സീസണില്‍ 25 ഓവറെങ്കിലും എറിഞ്ഞ പേസര്‍മാരില്‍ മികച്ച ശരാശരിയിലും (18.68) ഇക്കണോമി റേറിലും (8.08) പ്രിന്‍സ് മുന്‍നിരയിലുണ്ട്. പന്ത് രണ്ട് വശങ്ങളിലേക്കും സ്വിംഗ് ചെയ്യാനുള്ള കഴിവും കൃത്യമായ ലെങ്തും പ്രിന്‍സിനെ അപകടകാരിയാക്കുന്നു. മുഹമ്മദ് ഷമിയുടെ കീഴില്‍ പരിശീലനം നേടുന്നത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പ്രിന്‍സ് പറഞ്ഞു.

ലക്ഷ്യം ഇന്ത്യന്‍ ടീം

അഫ്ഗാനിസ്ഥാനും സിംബാബ്വെയും എതിരായ പരമ്പരകള്‍ വരാനിരിക്കെ, ഇന്ത്യന്‍ ടീമിലേക്ക് പ്രിന്‍സ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകള്‍ ഏറുകയാണ്. കോലിയെ പുറത്താക്കിയതിനേക്കാള്‍ ടീം ജയിച്ചതിലാണ് തനിക്ക് സന്തോഷമെന്ന് പറയുന്ന പ്രിന്‍സ്, ഇന്ത്യന്‍ പേസ് നിരയിലെ അടുത്ത വാഗ്ദാനമായി മാറിക്കഴിഞ്ഞു.

YouTube video player