Asianet News MalayalamAsianet News Malayalam

അഴിമതി വിഷയം: വിവാദത്തിന് തിരികൊളുത്തി റായുഡു; മറുപടിയുമായി അസര്‍; തിരിച്ചടിച്ച് റായുഡു

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ കലാപം. ഏറ്റുമുട്ടി അമ്പാട്ടി റായുഡുവും അസോസിയേഷന്‍ പ്രസിഡന്‍റ് മുഹമ്മദ് അസ്‌ഹറുദ്ദീനും.
 

Ambati Rayudu vs Mohammad Azharuddin controversy
Author
Hyderabad, First Published Nov 24, 2019, 9:01 PM IST

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെ ചൊല്ലി അമ്പാട്ടി റായുഡു-മുഹമ്മദ് അസ്‌ഹറുദ്ദീന്‍ പോര് മുറുകുന്നു. അസ്‌ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും റായുഡു ടീം ക്യാപ്റ്റനുമാണ്. ആരോപണങ്ങള്‍ ഉന്നയിച്ച റായുഡു രഞ്ജി ട്രോഫിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അസോസിയേഷനിലെ അഴിമതി ചൂണ്ടിക്കാട്ടി തെലങ്കാന വ്യാവസായിക-മുന്‍സിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍ മന്ത്രി കെ.ടി രാമറാവുവിനെ ടാഗ് ചെയ്തുള്ള റായുഡുവിന്‍റെ ട്വീറ്റോടെയാണ് ചൂടേറിയ ചര്‍ച്ചയുടെ തുടക്കം. "ഹലോ സര്‍, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ക്രിക്കറ്റ് ടീം അഴിമതിയിലും പണത്തിലും ധൂര്‍ത്താടുമ്പോള്‍ ഹൈദരാബാദ് എങ്ങനെയാണ് മഹാ നഗരമാവുക. അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരായ അഴിമതി കേസുകള്‍ മൂടിയിരിക്കുകയാണ്". 

റായുഡുവിനെ 'അസംതൃപ്തനായ ക്രിക്കറ്റര്‍' എന്നുവിളിച്ച് അസ്‌ഹറുദ്ദീന്‍ പിന്നാലെ രംഗത്തെത്തി. ഇതിന് മറ്റൊരു ട്വീറ്റിലൂടെ ഇന്ന് റായുഡു മറുപടി നല്‍കി. "ഇതൊന്നും വ്യക്തിപരമായ വിഷയമായി എടുക്കരുത്. നമ്മളെക്കാള്‍ വലുതാണ് വിഷയം. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ എന്താണ് നടക്കുന്നത് എന്ന് നമുക്ക് രണ്ടാള്‍ക്കുമറിയാം. അസോസിയേഷനില്‍ ശുദ്ധീകരണം നടത്താനുള്ള സുവര്‍ണാവസരമാണിത്. അസോസിയേഷനെ നശിപ്പിക്കുന്ന വാണിഭക്കാരില്‍ നിന്ന് സ്വയം മാറിനില്‍ക്കാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുന്നു. ഏറെ ഭാവിതലമുറ ക്രിക്കറ്റ് താരങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ക്കാകും എന്നാണ് വിശ്വാസം" എന്നും റായുഡു തിരിച്ചടിച്ചു.

Follow Us:
Download App:
  • android
  • ios