Asianet News MalayalamAsianet News Malayalam

'ലോകകപ്പ് നേടിയതാണ് ജീവിതത്തില്‍ ഏറ്റവും മറക്കാനാകാത്ത നിമിഷം'; ധോണിക്ക് ആശംസയുമായി സച്ചിനടക്കമുള്ള പ്രമുഖര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ആശംസയുമായി പ്രമുഖര്‍.
 

Amit Shah, Sachin Tendulkar, Others Tweet MS Dhoni retirement
Author
New Delhi, First Published Aug 15, 2020, 9:34 PM IST

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ആശംസയുമായി പ്രമുഖര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീര്‍, ശശി തരൂര്‍ എന്നിവരടക്കമുള്ളവരാണ് ധോണിക്ക് ആശംസയുമായി എത്തിയത്. 

ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവന അളക്കാനാകാത്തതാണ്. 2011ല്‍ നമ്മള്‍ ഒരുമിച്ച് ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തില്‍ ഏറ്റവും മറക്കാനാകാത്ത നിമിഷം. രണ്ടാം ഇന്നിംഗ്‌സിനും നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു-സച്ചിന്‍ ട്വീറ്റ് ചെയ്തു. 

ചൂടേറിയ പല മത്സരങ്ങളും ധോണിയുടെ കൂള്‍ ക്യാപ്റ്റന്‍സിയിലൂടെ ഇന്ത്യ ജയിച്ചെന്നും രണ്ട് ഫോര്‍മാറ്റിലും ലോകകിരീടം നേടിയ ക്യാപ്റ്റനാണ് ധോണിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. 

താങ്ക്യൂ ഫോര്‍ ദ മാജിക്ക് എന്ന ഒറ്റ വരിയിലൂടെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ധോണിക്ക് ആശംസ നേര്‍ന്നത്. 
രാജ്യത്തെ എല്ലാ കായിക താരങ്ങള്‍ക്കും ധോണി പ്രചോദനമായിരുന്നെന്നും ധോണിയുടെ നേട്ടങ്ങള്‍ അവിശ്വസനീയമാണെന്നും വിനയ് കുമാര്‍ കുറിച്ചു. 

ധോണി വിരമിച്ചെന്ന് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കളിക്കളത്തിലെ അതികായനായിരുന്നു ധോണിയെന്നും ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്നുവെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഒരു യുഗത്തെ അടയാളപ്പെടുത്തിയാണ് ധോണി കളം വിടുന്നതെന്നും തരൂര്‍ വ്യക്തമാക്കി. 

ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios