ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിംഗ്സിലൂടെ ടീമിന്റെ വിജയശില്‍പ്പിയായ ക്യാപ്റ്റന്‍ വിരാട് കോലിയെ അഭിനന്ദിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. ഒപ്പം വിന്‍ഡീസ് താരങ്ങള്‍ക്ക് തന്റെ പ്രശസ്ത ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയിലെ സംഭാഷണത്തിലൂടെ മുന്നറിയിപ്പ് നല്‍കാനും ബിഗ് ബി മറന്നില്ല.

ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു, വിരാടിനോട് കളി വേണ്ടെന്ന്, പക്ഷെ അപ്പോഴൊന്നും നിങ്ങളത് കേട്ടില്ല. നോക്കു, ഇപ്പോള്‍ ഉചിതമായ മറുപടി തന്നെ കിട്ടിയില്ലെ, വിന്‍ഡീസ്കാരുടെ മുഖം നോക്കു, അവരാകെ പതറിപ്പോയില്ലെ.(ആന്റണി ഭായിയോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ) എന്നായിരുന്നു ഹിന്ദിയിലുള്ള ബച്ചന്റെ ട്വീറ്റ്.

ബച്ചന്റെ ട്വീറ്റിന് മറുപടിയുമായി ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തുകയും ചെയ്തു. ഈ സംഭാഷണം ശരിക്കും ഇഷ്ടമായെന്നും താങ്കളെപ്പോഴും പ്രചോദനമാണെന്നുമായിരുന്നു കോലിയുടെ മറുപടി.

 

വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറായ 94 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 50 പന്തില്‍ ആറ് സിക്സറും ആറ് ബൗണ്ടറിയും പറത്തിയാണ് കോലി 94 റണ്‍സടിച്ചത്.