സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ വിശാഖപട്ടണത്ത് തുടങ്ങും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ജിയോ സിനിമയിലൂടെ ആരാധകര്‍ക്ക് സൗജന്യമായി ലൈവ് സ്ട്രീമിംഗ് കാണാനാകും. ടെലിവിഷനില്‍ സ്പോര്‍ട്സ്18 നെറ്റ്‌വര്‍ക്കിലും മത്സരം കാണാനാവും.
സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2000 വിദ്യാര്‍ത്ഥികളെയാവും സൗജന്യനിരക്കില്‍ പ്രവേശിപ്പിക്കുക. സ്കൂള്‍-കോളജ് ഐഡി കാര്‍ഡ് ഉപയോഗിച്ചായിരിക്കും സ്റ്റേഡിയത്തിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുക.
100 രൂപ മുതല്‍ 400 രൂപവരെയുള്ള ദിവസ ടിക്കറ്റും 1500 രൂപയുടെ സീസണ്‍ ടിക്കറ്റും ആരാധകര്‍ക്ക് ലഭ്യമാണ്. ദിവസവും 2500 ടിക്കറ്റുകള്‍ പ്രാദേശിക കളിക്കാര്‍ക്കായും മാറ്റിവെച്ചിട്ടുണ്ട്. 29000 പേര്‍ക്കിരിക്കാവുന്ന ഡോ വൈ എസ് രാജശേഖര റെഡ്ഡി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് വില്‍പന ഇപ്പോള്‍ തന്നെ 16000 കടന്നതിനാല്‍ രണ്ടാം ടെസ്റ്റിന് സ്റ്റേഡിയം നിറഞ്ഞ് ആരാധകരെത്തുമെന്നാണ് വിശാഖപട്ടം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രതീക്ഷ.
ഇന്ത്യയുടെ ഭാഗ്യവേദി
വിശാഖപട്ടണത്ത് ഇതുവരെ രണ്ട് ടെസ്റ്റുകളാണ് നടന്നത്. 2016ല്‍ ഇംഗ്ലണ്ടും 2019ല്‍ ദക്ഷിണാഫ്രിക്കയുമായിരുന്നു ഇന്ത്യയുമായി ഏറ്റുമുട്ടിയത്. രണ്ട് ടെസ്റ്റിലും ഇന്ത്യ ആധികാരിക ജയം നേടി. 2016ല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 455 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 255 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയത് അശ്വിനായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കോലി 81 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 204ന് ഓള്‍ ഔട്ടായി. 405 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 158 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യ 246 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കി. അശ്വിനും ജയന്ത് യാദവും മൂന്ന് വിതവും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.
