ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു

ബാര്‍ബഡോസ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ദ്രേ റസല്‍ ട്വന്‍റി 20 ടീമിലേക്കുള്ള മടങ്ങിവരവ് ഓള്‍റൗണ്ട് മികവുമായി ആഘോഷമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രില്ലര്‍ ജയം. ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ഇംഗ്ലണ്ടിനെ ആദ്യ ടി20യിലും വിന്‍ഡീസ് മലര്‍ത്തിയടിച്ചു. ബാര്‍ബഡോസ് വേദിയായ ആദ്യ ട്വന്‍റി 20യില്‍ നാല് വിക്കറ്റിനാണ് കരീബിയന്‍ പടയുടെ വിജയം. സ്കോര്‍: ഇംഗ്ലണ്ട്- 171 (19.3), വെസ്റ്റ് ഇന്‍ഡീസ്- 172/6 (18.1). ബൗളിംഗില്‍ നാല് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റും ബാറ്റിംഗില്‍ 14 പന്തില്‍ പുറത്താവാതെ 29* റണ്‍സുമായി റസല്‍ കളിയിലെ താരമായി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി. ഫിലിപ് സാള്‍ട്ടും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും 6.1 ഓവറില്‍ 71 റണ്‍സുമായി നല്‍കിയ മികച്ച തുടക്കം ഇംഗ്ലണ്ടിന് പിന്നീടങ്ങോട്ട് മുതലാക്കാനായില്ല. സാള്‍ട്ട് 20 പന്തില്‍ 40 ഉം, ബട്‌ലര്‍ 31 പന്തില്‍ 39 ഉം റണ്‍സുമായി മടങ്ങി. സാള്‍ട്ടിനെ പുറത്താക്കി ബ്രേക്ക്‌ത്രൂവുമായി തുടങ്ങിയ ആന്ദ്രേ റസലിന്‍റെ പരിചയസമ്പത്താണ് ഇംഗ്ലണ്ടിന് വിനയായത്. വില്‍ ജാക്‌സ് (9 പന്തില്‍ 17), ബെന്‍ ഡക്കെറ്റ് (12 പന്തില്‍ 14), ഹാരി ബ്രൂക്ക് (2 പന്തില്‍ 1), ലയാം ലിവിംഗ്സ്റ്റണ്‍ (19 പന്തില്‍ 27), സാം കറന്‍ (14 പന്തില്‍ 13), റെഹാന്‍ അഹമ്മദ് (3 പന്തില്‍ 1), ആദില്‍ റഷീദ് (2 പന്തില്‍ 0), ടൈമല്‍ മില്‍സ് (1 പന്തില്‍ 0), ക്രിസ് വോക്‌സ് (6 പന്തില്‍ 3*) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലീഷ് താരങ്ങളുടെ സ്കോര്‍. ആന്ദ്രേ റസലിന് പുറമെ അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. റൊമാരിയോ ഷെഫേര്‍ഡ് രണ്ടും അക്കില്‍ ഹൊസീനും ജേസന്‍ ഹോള്‍ഡറും ഓരോ വിക്കറ്റും പേരിലാക്കി.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന്‍റെ തുടക്കവും തകര്‍പ്പനടികളോടെയായിരുന്നു. ബ്രാണ്ടന്‍ കിംഗ്- കെയ്‌ല്‍ മെയേഴ്‌സ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 2.4 ഓവറില്‍ 32 നേടി. കിംഗ് 12 പന്തില്‍ 22 ഉം മെയേഴ്‌സ് 21 പന്തില്‍ 35 ഉം റണ്‍സ് പേരിലാക്കി. ഷായ് ഹോപ് 30 പന്തില്‍ 36 റണ്‍സുമായി നങ്കൂരമിടാന്‍ ശ്രമിച്ചപ്പോള്‍ നിക്കോളസ് പുരാന്‍ 12 പന്തില്‍ 13 റണ്‍സെടുത്തും റൊമാരിയോ ഷെഫേര്‍ഡ് ഗോള്‍ഡന്‍ ഡക്കായും മടങ്ങിയത് ഒരുവേള വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ 15 പന്തില്‍ പുറത്താവാതെ 31* റണ്‍സുമായി ക്യാപ്റ്റന്‍ റോവ്‌മാന്‍ പവലും 14 പന്തില്‍ 29* എടുത്ത് ആന്ദ്രേ റസലും വിന്‍ഡീസിനെ 11 പന്ത് ബാക്കിനില്‍ക്കേ ജയിപ്പിച്ചു. റെഹാന്‍ അഹമ്മദിന്‍റെ മൂന്നും ആദില്‍ റഷീദിന്‍റെ രണ്ടും വിക്കറ്റുകള്‍ ഇംഗ്ലണ്ടിനെ തുണച്ചില്ല. 

2024ലെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി റസലിനെ ടീമിലേക്ക് മടക്കിവിളിച്ച സെലക്ടര്‍മാരുടെ നീക്കം ആദ്യ പരീക്ഷയില്‍ വിജയിച്ചിരിക്കുകയാണ്. നേരത്തെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര വിന്‍ഡീസ് 2-1ന് വിജയിച്ചിരുന്നു.

Read more: ആന്ദ്രേ റസല്‍ ഈസ് ബാക്ക്! സര്‍പ്രൈസുകള്‍, ലോകകപ്പ് പടയൊരുക്കം; വെസ്റ്റ് ഇന്‍ഡീസ് ട്വന്‍റി 20 ടീം അഴിച്ചുപണിതു