മെല്‍ബണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. ചില അഴിച്ചുപണികളും ആതിഥേയര്‍ നടത്തിയിരുന്നു. ജോ ബേണ്‍സിനെ പുറത്താക്കിയപ്പോള്‍ പരിക്കിന്റെ പിടിയിലായിരുന്ന ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി, സീന്‍ അബോട്ട് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. ഇന്ത്യക്കെതിരെ ടി20 മത്സരത്തിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേല്‍ക്കുന്നത്. 

വാര്‍ണര്‍ തിരിച്ചെത്തുന്നതോടെ ബാറ്റിങ് നിര ശക്തിപ്പെടും. ഇപ്പോള്‍ അദ്ദേഹത്തെ മൂന്നാം ടെസ്റ്റില്‍ കൡപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഓസീസ് സഹപരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. 100 ശതമാനം ഫിറ്റല്ലെങ്കില്‍ കൂടി വാര്‍ണറെ കളിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ''ശരിയാണ്, പരിക്കില്‍ നിന്ന് തിരിച്ചുവരുന്നത് കാരണം വാര്‍ണര്‍ 100 ശതമാനം ഫിറ്റായിരിക്കില്ല. എന്നാല്‍ 90- 95 ശതമാനം ഫിറ്റാണെങ്കില്‍ കൂടി അദ്ദേഹത്തെ സിഡ്‌നി ടെസ്റ്റില്‍ കളിപ്പിക്കും. കളിക്കാന്‍ പ്രാപ്തനാണോ എന്ന് മാത്രമാണ് പരിശോധിക്കുക. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും അദ്ദേഹത്തെ കളിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ്.

ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ വാര്‍ണറുടെ കാര്യത്തില്‍ വ്യക്തമായ തിരുമാനമുണ്ടാവും. ശനിയാഴ്ച്ചയായിരിക്കും അദ്ദേഹം പരിശീലന ക്യാംപിലെത്തുക. തിരിച്ചുവരവ് ക്യാപിനും ആത്മവിശ്വാസമുണ്ടാക്കും. ലോകോത്തര താരമാണ് വാര്‍ണര്‍. മറ്റുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാരേക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈറ്റ് റേറ്റ്. ഏതൊരു ബൗളിങ് അറ്റാക്കിനേയും സമ്മര്‍ദ്ദത്തിലാക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കും.'' ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. 

ജനുവരി ഏഴ് മുതല്‍ സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. എന്നാല്‍ ഇരു ടീമുകളും ഇപ്പോഴും മെല്‍ബണിലാണ്. 31ന് സിഡ്‌നിയില്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണം യാത്രാപദ്ധതികളില്‍ മാറ്റം വരുത്തുകയായിരുന്നു.