കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ നാലും ആറും റണ്‍സെടുത്ത് പുറത്തായ ജയ്സ്വളിന്‍റെ പ്രതിബദ്ധതയെയും മുംബൈ നായകനായ അജിങ്ക്യാ രഹാനെയും കോച്ച് ഓംകാര്‍ സാല്‍വിയും ചോദ്യം ചെയ്തിരുന്നു.

മുംബൈ: ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയിലേക്ക് മാറാന്‍ കാരണം മുംബൈ നായകന്‍ അജിങ്ക്യാ രഹാനെയുമായുള്ള ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അടുത്ത സീസണില്‍ ഗോവക്കുവേണ്ടി കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയ്സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. മുംബൈയുടെ സ്ഥിരം ഓപ്പണറായിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തരല്ലാത്ത ഗോവയിലേക്ക് കൂട് മാറാനുള്ള ജയ്സ്വാളിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അടുത്ത സീസണില്‍ ഗോവ ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മുംബൈ ടീം നായകനായ അജിങ്ക്യാ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതമൂലമാണ് ജയ്സ്വാള്‍ ടീം വിടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും 2022ലാണ് രഹാനെയും ജയ്സ്വാളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലെ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണിനായി ജയ്സ്വാള്‍ 323 പന്തില്‍ 263 റണ്‍സ് നേടി തിളങ്ങിയിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ സൗത്ത് സോണ്‍ ബാറ്ററായ രവി തേജയെ ജയ്സ്വാള്‍ തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്തതിനെത്തുടര്‍ന്ന് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെ ജയ്സ്വാളിനെ ഗ്രൗണ്ടില്‍വെച്ച് താക്കീത് ചെയ്യുകയും പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.

വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ കുതിച്ച് കൊല്‍ക്കത്ത; അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ഹൈദരാബാദ്

ഇതനെത്തുടര്‍ന്ന് 10 പേരുമായാണ് വെസ്റ്റ് സോണ്‍ ഫീല്‍ഡ് ചെയ്തത്. ചില മത്സരങ്ങളിലെ ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെക്കുറിച്ച് മുംബൈ ടീം മാനേജ്മെന്‍റുമായി ജയ്സ്വാള്‍ പലപ്പോഴും തര്‍ക്കിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ നാലും ആറും റണ്‍സെടുത്ത് പുറത്തായ ജയ്സ്വളിന്‍റെ പ്രതിബദ്ധതയെയും മുംബൈ നായകനായ അജിങ്ക്യാ രഹാനെയും കോച്ച് ഓംകാര്‍ സാല്‍വിയും ചോദ്യം ചെയ്യുകയും ഇതില്‍ ക്ഷുഭിതനായ ജയ്സ്വാള്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മരിനെതിരായ മത്സരത്തിലും ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെ ടീമിലെ ഒരു സീനിയര്‍ താരം ചോദ്യം ചെയ്തുവെന്നും എന്നാല്‍ ഇതേ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ സീനിയര്‍ താരത്തിന്‍റെ ഷോട്ട് സെലക്ഷനെക്കുറിച്ച് ജയ്സ്വാള്‍ തര്‍ക്കിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുംബൈ ടീം മാനേജ്മെന്‍റ് തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന രീതിയില്‍ ജയ്സ്വാള്‍ തികച്ചും അസ്വസ്ഥനാണെന്നും ഇതാണ് ടീം വിടാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്.

അപമാനിതനായി, തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചിരുന്നു, ആ‍ർസിബിക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനെക്കുറിച്ച് ബട്‌ലർ

ഉത്തര്‍പ്രദേശില്‍ ജനിച്ച ജയ്സ്വാള്‍ 2019ലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച ജയ്സ്വാള്‍ 60.85 ശരാശരിയില്‍ 3712 റണ്‍സ് നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു ജയ്സ്വാള്‍ അവസാനമായി മുംബൈക്കായി കളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക