ഈഡൻ ഗാർഡൻസിൽ സാധാരണയായി ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാറാണ് പതിവ്. അവിടെ സ്കോർ പ്രതിരോധിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്.

കൊൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുന്‍താരങ്ങള്‍. മഴ ഭീഷണിയുള്ള സാഹചര്യത്തിൽ ബൗളിംഗ് തിരഞ്ഞെടുക്കുന്നതിന് പകരം ബാറ്റിംഗിന് ഇറങ്ങിയ രഹാനെയുടെ തീരുമാനത്തിനെതിരെ അനിൽ കുംബ്ലെ, ആർ. അശ്വിൻ അടക്കമുള്ള മുന്‍ താരങ്ങൾ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഈഡൻ ഗാർഡൻസിൽ സാധാരണയായി ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാറാണ് പതിവ്. അവിടെ സ്കോർ പ്രതിരോധിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഇതിനുപുറമെ, മത്സരത്തിന് മഴ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായിരുന്നു. ഡക്ക്‌വർത്ത് ലൂയിസ് നിയമം പരിഗണിക്കുമ്പോൾ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായിരിക്കും കൃത്യമായ ലക്ഷ്യബോധത്തോടെ കളിക്കാൻ സാധിക്കുക. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് രഹാനെ ബാറ്റിംഗ് തിരഞ്ഞെടുത്തത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഫിൻ അലനെയും കാമറൂൺ ഗ്രീനിനെയും നഷ്ടമായതോടെ രഹാനെയുടെ തീരുമാനം തെറ്റാണെന്ന് തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ മഴയെത്തി കളി തടസപ്പെടുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് കുംബ്ലെ പറഞ്ഞു. മഴ പ്രവചനമുള്ള സാഹചര്യത്തിൽ ആദ്യം പന്തെറിയുന്നതായിരുന്നു ഉചിതം. മഴ സാധ്യതയുള്ള മത്സരത്തിൽ, പരിചയസമ്പന്നരായ ബൗളർമാരുടെ അഭാവമുള്ളപ്പോൾ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത് കൗതുകകരമായ ചിന്താഗതിയാണെന്ന് അശ്വിൻ എക്‌സിൽ കുറിച്ചു. ഈ തീരുമാനത്തിന് പിന്നിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുന്‍ താരം സാബാ കരീം പറഞ്ഞു. തന്‍റെ ചിന്തകൾക്ക് ഇത് ഉൾക്കൊള്ളാനാവുന്നില്ലെന്നായരുന്നു മുൻ സെലക്ട‍ർ കൂടിയായ സാബാ കരീമിന്‍റെ പ്രതികരണം.

Scroll to load tweet…

മുന്‍നിര സ്പിന്നര്‍മാരായ സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും ഇല്ലാതെ ഇറങ്ങിയ കൊൽക്കത്തയ്ക്ക് പ്രതിരോധിക്കാൻ ശേഷിയുള്ള ബോളിംഗ് നിരയില്ലെന്നിരിക്കെ, ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. നേരത്തെ വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രഹാനെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തന്നെ വിമർശിക്കുന്നവർക്ക് തന്നോട് അസൂയയാണെന്നായിരുന്നു രഹാനെയുടെ പക്ഷം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക