മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെയെ ക്ലബ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി നിയമിച്ചു. മൈക്ക് ഹെസ്സണിന്റെ പകരക്കാരനായിട്ടാണ് കുംബ്ലെ നിയമിതനായത്. നേരത്തെ ഐപിഎല്‍ ക്ലബുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ മെന്ററായിട്ടും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മുന്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലിയെ ബാറ്റിങ് കോച്ചായി നിയമിച്ചിട്ടുണ്ട്. ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സിനേയും ബൗളിങ് കോച്ചായി  ക്വേര്‍ട്‌നി വാല്‍ഷ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയാണ് സഹപരിശീലകന്‍. ഐപിഎല്‍ ഫ്രാഞ്ചൈസിയോടൊപ്പം ആദ്യമായിട്ടാണ് കുംബ്ലെ കോച്ചിങ് റോളിലെത്തുന്നത്. 2016-17ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്.

നേരത്തെ, കിങ്‌സ് ഇലവന്റെ ക്യാപ്റ്റന്‍ ആര്‍ അശ്വിനെ ഡല്‍ഹി കാപിറ്റല്‍സിന് കൈമാറുമെന്ന വാര്‍ത്തയുണ്ടായിയിരുന്നു. എന്നാല്‍ കുംബ്ലെ എത്തുന്നതോടെ അശ്വിന്‍ തുടരും.