ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സെലക്‌ടറായി മുൻ നായകന്‍ അനിൽ കുംബ്ലെയെ നിയമിക്കണമെന്ന് വിരേന്ദർ സെവാഗ്. സെലക്‌ടർമാരുടെ പ്രതിഫലം ഉയർത്തണമെന്നും സെലക്ഷൻ കമ്മിറ്റി അംഗമാവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സെവാഗ് പറഞ്ഞു. 

എം എസ് കെ പ്രസാദ് തലവനായ നിലവിലെ സെലക്ഷൻ കമ്മിറ്റി രാജ്യാന്തര മത്സരപരിചയക്കുറവിന്റെ പേരിൽ വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് സെവാഗിന്റെ അഭിപ്രായം. 

'കുംബ്ലെ എല്ലാവരും ബഹുമാനിക്കുന്ന താരമാണ്. കളിക്കാർക്ക് ആത്മവിശ്വാസം നൽകാൻ കുംബ്ലെയ്ക്ക് കഴിയും. കുംബ്ലെ നായകനായപ്പോൾ തനിക്ക് സ്വതന്ത്രമായി കളിക്കാൻ അനുമതി നൽകിയിരുന്നു' എന്നും സെവാഗ് പറഞ്ഞു. നാല്‍പ്പത്തിയെട്ടുകാരനായ കുംബ്ലെ 132 ടെസ്റ്റിൽ നിന്ന് 619 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. രവി ശാസ്‌ത്രിക്ക് മുൻപ് ഒരുവർഷം ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനുമായിരുന്നു.