അതെന്തായാലും വോണ്‍ എന്റെ നല്ല സുഹൃത്തായിരുന്നു. അതുകൊണ്ടാകാം ഓസീസ് താരങ്ങള്‍ എന്നെ സ്ലെഡ്ജ് ചെയ്യാതിരുന്നത്.

ചണ്ഡീഗഡ്: ബാറ്റു കൊണ്ടും ബോളു കൊണ്ടും മാത്രമല്ല നാക്കുകൊണ്ടും എതിരാളികളെ തളര്‍ത്താന്‍ മിടുക്കരാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. 2000 മുതല്‍ ഓസീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്ത് ഓസീസ് കളിക്കാരുടെ നാക്കിന്റെ ചൂടറിയാത്ത കളിക്കാര്‍ കുറവായിരിക്കും.

എന്നാല്‍ എതിരെ കളിക്കുമ്പോള്‍ തന്നെ മാത്രം ഓസ്ട്രേലിയക്കാര്‍ ചീത്ത വിളിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനവുമായ അനില്‍ കുംബ്ലെ. ഓസ്ട്രേലിയക്കാര്‍ തന്നെ സ്ലെഡ്ജ് ചെയ്തതായി അധികമൊന്നും ഓര്‍മിക്കുന്നില്ലെന്ന് കുംബ്ലെ പറഞ്ഞു. ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ സുഹൃത്താണെങ്കില്‍ നിങ്ങളെ ഓസ്ട്രേലിയക്കാര്‍ സ്ലെഡ്ജ് ചെയ്യില്ലെന്ന് ഞാനെവിടെയോ കേട്ടിട്ടുണ്ട്.

അതെന്തായാലും വോണ്‍ എന്റെ നല്ല സുഹൃത്തായിരുന്നു. അതുകൊണ്ടാകാം ഓസീസ് താരങ്ങള്‍ എന്നെ സ്ലെഡ്ജ് ചെയ്യാതിരുന്നത്. ഓസ്ട്രേലിയക്കെതിരെ പന്തെറിയാന്‍ തനിക്കെപ്പോഴും ആവേശമാണെന്നും കുംബ്ലെ പറഞ്ഞു. 2000 മുതലുള്ള കാലഘട്ടത്തില്‍ ഓസ്ട്രേലിയ ആയിരുന്നു ഏറ്റവും മികച്ച ടീം. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ പന്തെറിയുക എന്നത് വലിയ വെല്ലുവിളിയും. അത് താന്‍ ആസ്വദിച്ചിരുന്നതായും കുംബ്ലെ പറഞ്ഞു.

സച്ചിനോ സെവാഗിനോ, ലക്ഷ്മണോ, ഗാംഗുലിക്കോ പന്തെറിയേണ്ടി വന്നില്ല എന്നതാണ് തന്റെ ഭാഗ്യമെന്നും കുംബ്ലെ പറഞ്ഞു. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനാണിപ്പോള്‍ കുംബ്ലെ.