കൊല്‍ക്കത്ത: തുടര്‍ച്ചയായ ഇന്നിങ്‌സ് വിജയങ്ങളിലും റെക്കോഡിട്ട് ടീം ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് കോലിപ്പടയെ തേടി റെക്കോഡെത്തിയത്. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കുന്ന ആദ്യ ടീമായിയിരിക്കുകയാണ് ഇന്ത്യ.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ആദ്യ ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിലും 137 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയില്‍ നടന്ന രണ്ടാം മത്സരത്തിലും ഇന്ത്യ ജയം ആവര്‍ത്തിച്ചു. ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ടീമിന്റെ ജയം.

പിന്നാലെ ബംഗ്ലാദേശ് ഇന്ത്യയിലെത്തി. ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ഇതേ രീതിയില്‍ വിജയിച്ചു. ഇന്നിങ്‌സിലും 202 റണ്‍സിനുമായിരുന്നു കോലിയും സംഘവും ജയിച്ചുകയറിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഈ ടെസ്റ്റില്‍ ജയം ഇന്നിങ്‌സിനും 46 റണ്‍സിനും.