കൊല്‍ക്കത്ത: ക്യാപ്റ്റനെന്ന നിലയില്‍ വീണ്ടും നേട്ടം സ്വന്തമാക്കി വിരാട് കോലി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി കോലി. ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ വിജയം നേടിയപ്പോഴാണ് കോലിയെ തേടി ഈ നേട്ടമെത്തിയത്. 53 വിജങ്ങള്‍ സ്വന്തമാക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് പട്ടിക നയിക്കുന്നത്. 

48 വിജയങ്ങള്‍ നേടിയിട്ടുള്ള മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് രണ്ടാമതുണ്ട്. ഓസ്‌ട്രേലിയുടെ തന്നെ സ്റ്റീവ് വോ 41 വിജയങ്ങളുമായി രണ്ടാമതുണ്ട്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്ലൈവ്  ലോയ്ഡാണ് നാലാം സ്ഥാനത്ത്. 36 വിജയങ്ങളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയുടെ അക്കൗണ്ടില്‍ ഇതുവരെ 33 വിജയങ്ങളായി.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡറെയാണ് കോലി മറികടന്നത്. 32 ജയങ്ങളാണ് ബോര്‍ഡറുടെ പേരിലുണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.