ദില്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനിടെ മുഹമ്മദ് സിറാജിന്‍റെ പന്ത് കൈമുട്ടില്‍ കൊണ്ട വാര്‍ണര്‍ക്ക് പരിക്കേറ്റിരുന്നു. വാര്‍ണറുടെ കൈമുട്ടില്‍ നേരിയ പൊട്ടലുണ്ട്. പിന്നീട് സിറാജിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട വാര്‍ണര്‍ രണ്ടാം ഇന്നിംഗ്സില്‍ കണ്‍കഷന് വിധേയനായിരുന്നു. മാറ്റ് റെന്‍ഷാ ആണ് വാര്‍ണര്‍ക്ക് പകരം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തതത്.
ദില്ലി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഓസ്ട്രേലിയക്ക് മറ്റൊരു തിരിച്ചടി കൂടി. കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോകുന്നതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും നാട്ടിലേക്ക് തിരിച്ചുപോവും. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വാര്‍ണര്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്‍റ് അറിയിച്ചു.
ദില്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനിടെ മുഹമ്മദ് സിറാജിന്‍റെ പന്ത് കൈമുട്ടില്‍ കൊണ്ട വാര്‍ണര്‍ക്ക് പരിക്കേറ്റിരുന്നു. വാര്‍ണറുടെ കൈമുട്ടില്‍ നേരിയ പൊട്ടലുണ്ട്. പിന്നീട് സിറാജിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട വാര്‍ണര്‍ രണ്ടാം ഇന്നിംഗ്സില്‍ കണ്‍കഷന് വിധേയനായിരുന്നു. മാറ്റ് റെന്‍ഷാ ആണ് വാര്‍ണര്‍ക്ക് പകരം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തതത്.
ഹെല്‍മറ്റില്‍ പന്തുകൊണ്ടതിന്‍റെ അസ്വസ്ഥതകള്‍ മാറിയെങ്കിലും കൈമുട്ടിന് പരിക്കേറ്റതിനാല്‍ വാര്‍ണര്‍ക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് വാര്‍ണര്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കുന്നത്. വാര്‍ണര്‍ക്ക് പകരക്കാരനായി ആരെയും ടീമിലെടുക്കില്ലെന്നാണ് സൂചന. വാര്‍ണറുടെ അഭാവത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ട്രാവിസ് ഹെഡാണ് ഓസീസിനായി ഓപ്പണ്‍ ചെയ്തത്.
തുടക്കത്തില്‍ തകര്‍ത്തടിച്ച ഹെഡ് 43 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ ഹെഡ് തന്നെ ഓപ്പണറായി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോശം ഫോമിലുള്ള വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കണമെന്ന വാദം ശക്തമായിരിക്കെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. അതേസമയം, ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കായി വാര്‍ണര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. വാര്‍ണര്‍ക്കും ജോഷ് ഹേസല്‍വുഡിനും പുറമെ വ്യക്തിപരമായ കാരണങ്ങളാല്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും നാട്ടിലേക്ക് മടങ്ങിയെങ്കിലും മൂന്നാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന കാമൂണ്‍ ഗ്രീന്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്ന് മോചിതനായശേഷം ഗ്രീന്‍ ആദ്യമായി നെറ്റ്സില്‍ പേസ് ബൗളര്‍മാരെ കഴിഞ്ഞ ദിവസം നേരിട്ടിരുന്നു.
