ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ. ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നുവെന്നും ഇത്രയും കാലം മിണ്ടാതിരുന്നത് ബലഹീനതയായി കാണരുതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പില്‍ അനുഷ്ക പറഞ്ഞു.

അനുഷ്കയുടെ വിശദീകരണകുറിപ്പില്‍ നിന്ന്: ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഇത്രയും കാലം ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഞാന്‍ നിശബ്ദത പാലിക്കുകയായിരുന്നു. മറുപടി നല്‍കുന്നത് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയെയുള്ളൂവെന്നതിനാലായിരുന്നു അത്. കഴിഞ്ഞ 11 വര്‍ഷമായി ഞാനെന്റെ കരിയര്‍ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഒരു നൂണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ ചിലപ്പോള്‍ സത്യമാകുമെന്ന് പറയുന്നതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാതിരിക്കുന്നത് അത് സത്യമാകാം എന്നൊരു തോന്നല്‍ ആളുകളില്‍ ഉണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്ന് അതിനെല്ലാം ഇന്നത്തോടെ അവസാനം കുറിക്കണമെന്ന് ഞാന്‍ കരുതുന്നു. മുമ്പ് എന്റെ കാമുകനും ഇപ്പോള്‍ എന്റെ ഭര്‍ത്താവുമായ വിരാട് കോലിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഇത്രയും കാലം ഞാന്‍ നിശബ്ദത പാലിച്ചു. ഇന്ത്യന്‍ ടീം മീറ്റിംഗുകളില്‍ ഞാന്‍ പങ്കെടുക്കുന്നുവെന്നും സെലക്ഷനില്‍ ഇടപെടുന്നുവെന്നും വരെ എനിക്കെതിരെ ആരോപണങ്ങളുണ്ടായി. ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമെ ഞാന്‍ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ടുതന്നെ അപ്പോഴെല്ലാം ഞാന്‍ മൗനം തുടര്‍ന്നു.

എനിക്കായി സുരക്ഷ ഒരുക്കാനും ടിക്കറ്റെടുക്കാനും ബിസിസിഐ ആണ് പണം ചെലവഴിക്കുന്നതെന്നും ആരോപണമുയര്‍ന്നു. ഞാനെന്റെ സ്വന്തം പൈസയിലാണ് വിമാന ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. വിദേശ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനും ഹൈക്കമ്മീഷണര്‍ക്കും പത്നിയ്ക്കുമൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം ഞാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ നിന്നു ഫോട്ടോ എടുത്തു. എന്നാല്‍ ക്ഷണിക്കാത്ത ചടങ്ങിലേക്ക് ഞാന്‍ കയറിവന്നുവെന്ന രീതിയിലായിരുന്നു പ്രചാരണം.

അന്ന് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചതുകൊണ്ട് ഞാന്‍ അപ്പോഴും മൗനം പാലിച്ചു. ഇപ്പോള്‍ എനിക്കെതിരെ ഉയര്‍ന്ന പുതിയ ആരോപണം, ലോകകപ്പിനിടെ എനിക്ക് ചായ കൊണ്ടുവന്നുതരികയായിരുന്നു ഇന്ത്യന്‍ സെലക്ടര്‍മാരുടെ പണിയെന്നാണ്. ലോകകപ്പില്‍ ഒരു മത്സരം കാണാന്‍ മാത്രമാണ് ഞാന്‍ പോയത്. അതും ഫാമിലി ബോക്സിലിരുന്നാണ് കണ്ടത്. അല്ലാതെ സെലക്ടര്‍മാര്‍ക്കൊപ്പമല്ല. ആര്‍ക്കെങ്കിലും സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ചോ ബോര്‍ഡിനെക്കുറിച്ചോ അഭിപ്രായം പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണം. അതിലേക്ക് എന്റെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ല.

Also Read: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് ഇതിഹാസം താരം

ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന്റെ പ്രതികരണമായി മാത്രല്ല ഞാനിത് പറയുന്നത്, കുറേക്കാലമായി എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാം കൂടിയുള്ള മറുപടിയായാണ്. അടുത്തതവണ എന്റെ പേരുപയോഗിച്ച് ബോര്‍ഡിനെയോ എന്റെ ഭര്‍ത്താവിനെയോ മറ്റാരെയെങ്കിലുമോ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇറങ്ങുന്നതിന് മുമ്പ് തെളിവുകളും വസ്തുതകളും നിരത്തണം. അന്തസ്സോടെ സ്വന്തമായി കെട്ടിപ്പടുത്ത കരിയറും ജീവിതവുമാണ് എന്റേത്. അത് ആരുടെയെങ്കിലും താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഇനി അനുവദിക്കില്ല.

ഞാന്‍ സ്വയം പര്യാപ്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്നു മാത്രമെയുള്ളു. അവസാനമായി ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറുള്ളത്-അനുഷ്ക പറഞ്ഞു. ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്ക് ലോകകപ്പിനിടെ അനുഷ്കയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കലായിരുന്നു പണിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍ ആരോപിച്ചിരുന്നു. ഇതിനാണ് അനുഷ്ക ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.