പൊളിഞ്ഞ പിച്ചില്‍ ഏത് വിഡ്‌ഢിക്കും വിക്കറ്റ് വാരാം, അശ്വിനെ കടന്നാക്രമിച്ച് മുന്‍ താരം; തിരിച്ചടിച്ച് ഫാന്‍സ്
ലോകകപ്പിനുള്ള ഐസിസിയുടെ കമന്‍ററി പാനലില്‍ ഒരൊറ്റ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍ പോലുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ ട്വിറ്റര്‍ പോരിന് തുടക്കമിട്ടത്

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ താരം ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍. ഇന്ത്യന്‍ പിച്ചുകള്‍ അശ്വിനായി രൂപമാറ്റം വരുത്തിയവയാണെന്നും അത് ഞാന്‍ നേരില്‍ പലതവണ കണ്ടിട്ടുണ്ടെന്നും ഏറ്റവും ഫിറ്റ്‌നസില്ലാത്ത താരമാണ് അശ്വിനെന്നും ശിവരാമകൃഷ്‌ണന്‍ തുറന്നടിച്ചു. എന്നാല്‍ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി.
ലോകകപ്പിനുള്ള ഐസിസിയുടെ കമന്‍ററി പാനലില്‍ ഒരൊറ്റ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍ പോലുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ ട്വിറ്റര്‍ പോരിന് തുടക്കമിട്ടത്. 'ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും ഒരു ജനുവിന്‍ സ്‌പിന്നര്‍ പോലും കമന്‍റേറ്ററായില്ല. പിന്നെ എങ്ങനെ സ്‌പിന്നിനെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകും. ബാറ്റര്‍മാര്‍ക്ക് മാത്രമേ ക്രിക്കറ്റിനെ കുറിച്ച് അറിയുകയുള്ളോ. വളരെ മോശം കമന്‍ററി പാനലാണ് ലോകകപ്പിനായി തയാറാക്കിയത്' എന്നുമായിരുന്നു ശിവരാമകൃഷ്‌ണന്‍റെ ട്വീറ്റ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ സാമുവല്‍ ബദ്രി ലോകകപ്പില്‍ കമന്‍റേറ്ററായുണ്ട് എന്ന് ചില ആരാധകര്‍ ചൂണ്ടിക്കാണിച്ചെങ്കിലും മുന്‍ താരത്തിന് അതത്ര പിടിച്ചില്ല. വിന്‍ഡീസ് ലോകകപ്പേ കളിക്കുന്നില്ല, പിന്നെന്തിന് ബദ്രിയെ കമന്‍റേറ്ററാക്കിയിരിക്കുന്നു എന്നായിരുന്നു ശിവരാമകൃഷ്‌ണന്‍റെ ചോദ്യം.
അവിടം കൊണ്ടും ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ വിമര്‍ശനം അവസാനിപ്പിച്ചില്ല. ടീം ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് അവസാന നിമിഷം എത്തിയ സ്‌പിന്നര്‍ ആര്‍ അശ്വിനെ കടന്നാക്രമിച്ചു മുന്‍ ഇന്ത്യന്‍ താരം. 'പിച്ചില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ ഗ്രൗണ്ട് സ്റ്റാഫിനോട് പറയുന്നത് ഞാന്‍ നേരിട്ട് പലതവണ കണ്ടിട്ടുണ്ട്. അശ്വിന് ടെസ്റ്റ് കളിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയിരിക്കുന്നത് കൊണ്ടാണ് ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരും സ്‌പിന്നിനെതിരെ കളിക്കാന്‍ പ്രയാസപ്പെടുന്നത്. സേനാ രാജ്യങ്ങളിലെ അശ്വിന്‍റെ റെക്കോര്‍ഡ് നോക്കൂ. ഇന്ത്യയില്‍ വച്ച് 378 വിക്കറ്റ് നേടിയിട്ടുള്ള അശ്വിന്‍ ഇപ്പോഴും കളിക്കുന്നത് മറ്റ് സ്‌പിന്നര്‍മാരില്ലാത്തത് കൊണ്ടാണ്. ഏറ്റവും ഫിറ്റ്‌നസ് കുറവുള്ള ക്രിക്കറ്ററാണ് അശ്വിന്‍' എന്നും ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ പരിഹസിച്ചു.
എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും ആര്‍ അശ്വിന്‍റെ ആരാധകര്‍ക്ക് ദഹിച്ചില്ല. ഇതിനകം ഇതിഹാസമായി മാറിക്കഴിഞ്ഞ സ്‌പിന്നറാണ് അശ്വിനെന്ന് പലരും ചൂണ്ടിക്കാണിച്ചു. എന്താണ് വിരമിച്ച താരങ്ങളുടെ പ്രശ്‌നമെന്നും പല ആരാധകരും ചോദിക്കുന്നു. ടീം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള അശ്വിന്‍ 94 ടെസ്റ്റില്‍ 489 ഉം 115 ഏകദിനങ്ങളില്‍ 155 ഉം 65 രാജ്യാന്തര ട്വന്‍റി 20കളില്‍ 72 ഉം
വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. അതേസമയം 9 ടെസ്റ്റില്‍ 26 ഉം 16 ഏകദിനങ്ങളില്‍ 15 വിക്കറ്റുമാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍റെ സമ്പാദ്യം. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
Read more: ഏകദിന ലോകകപ്പ്: പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിരാട് കോലിയുടെ വീട്ടില്‍ വിരുന്ന്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം