ടി20 ക്രിക്കറ്റില്‍ ഡബിള്‍ ഹാട്രിക്ക് തികയ്ക്കുന്ന ആറാമത്തെ മാത്രം ബൗളറാണ് ഹെര്‍നന്‍ ഫെനല്‍.
ബ്യൂണസ് അയേഴ്സ്: ഡബിള്‍ ഹാട്രിക്കുമായി ലോക റെക്കോര്‍ഡിനൊപ്പമെത്തി അര്‍ജന്‍റീന മീഡിയം പേസര്‍ ഹെര്‍നന്‍ ഫെനല്‍. ഐസിസി ടി20 ലോകകപ്പ് സബ് റീജിയണല്‍ അമേരിക്ക ക്വാളിഫയറില്‍ സിയാമന്‍ ഐലന്‍ഡിനെതിരെ ആയിരുന്നു ഹെര്‍നന്‍ ഫെനല്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റെടുത്ത് ഡബിള്‍ ഹാട്രിക്കെടുത്ത് ലോക റെക്കോര്‍ഡീനൊപ്പമെത്തിയത്.
സിയാമന്‍ ഐലന്‍ഡ് ഇന്നിംഗ്സിലെ അവസാന ലനാലു പന്തുകളിലായിരുന്നു ഹെര്‍നന്‍ ഫെനലിന്‍റെ ചരിത്രനേട്ടം. മൂന്നാം പന്തില്‍ സിയാമന്‍ ഐലന്‍റെ ട്രോയ് ടെയ്‌ലറെ പുറത്താക്കിയ ഹെര്‍നന്‍ ഫെനല്‍ അടുത്ത മൂന്ന് പന്തുകളില്‍ അലിസ്റ്റര്‍ ഇഫില്‍, റൊണാള്‍ഡ് ഇബാങ്ക്സ്, അലസാണ്ട്രോ മോറിസ് എന്നിവരെ കൂടി പുറത്താക്കിയാണ് ഡബിള്‍ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ ഒരു വിക്കറ്റെടുത്തിരുന്ന ഹെര്‍നന്‍ ഫെനല്‍ മത്സരത്തില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
ടി20 ക്രിക്കറ്റില്‍ ഡബിള്‍ ഹാട്രിക്ക് തികയ്ക്കുന്ന ആറാമത്തെ മാത്രം ബൗളറാണ് ഹെര്‍നന്‍ ഫെനല്‍. 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, അതേവര്‍ഷം ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ, 2021ല്‍ അയര്‍ലന്‍ഡ് ഓള്‍ റൗണ്ടര്‍ കര്‍ട്ടിസ് കാംഫര്‍, 2022ൽ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍, ഈ വര്‍ഷം ലെസോതോയുടെ വസീം യാക്കൂബര്‍ എന്നിവരാണ് ഹെര്‍നന്‍ ഫെനലിന് മുമ്പ് ടി20 ക്രിക്കറ്റില്‍ ഡബിള്‍ ഹാട്രിക്ക് നേട്ടം കൈവരിച്ചവര്‍. രണ്ട് തവണ ഹാട്രിക്ക് സ്വന്തമാക്കുന്ന ആറാമത്തെ ബൗളറുമാണ് ഹെര്‍നന്‍ ഫെനല്‍. 2021ല്‍ പനാമക്കെതിരെയും 36കാരനായ ഹെര്‍നന്‍ ഫെനല്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്.
എന്നാല്‍ ഹെര്‍നന്‍ ഫെനലിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിനും അര്‍ജന്‍റീനയെ ജയിപ്പിക്കാനായില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെ യ്ത് സിയാമന്‍ ഐലന്‍ഡ് 20 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അര്‍ജന്‍റീന 94 റണ്‍സിന് ഓള്‍ ഔട്ടായി 22 റണ്‍സ് തോല്‍വി വഴങ്ങി.
