മെസി നേരിട്ട് വിളിച്ചിട്ടും ഇന്റര്‍ മയാമിയില്‍ കളിക്കാനുള്ള ക്ഷണം നിരസിച്ചൊരു അര്‍ജന്റൈന്‍ താരമുണ്ട്. അദ്ദേഹത്തെ ഇന്റര്‍ മയാമിയിലെത്തിക്കാന്‍ കോച്ച് മാര്‍ട്ടിനോയും മെസിയും ശ്രമിച്ചിരുന്നു

ബ്യൂണസ് ഐറിസ്: ഫുട്‌ബോളിലെ വിസ്മയമാണ് ലിയോണല്‍ മെസി. കളിക്കളത്തില്‍ അസാധ്യമായത് സാധ്യമാക്കുന്ന മാന്ത്രികന്‍. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ യൂറോപ്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞ മെസി ഇപ്പോള്‍ അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയുടെ താരമാണ്. ക്ലബിലായാലും അര്‍ജന്റൈന്‍ ദേശീയ ടീമിലായാലും ലിയോണല്‍ മെസിക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല. മെസിയുടെ നിര്‍ദേശപ്രകാരം ബാഴ്‌സലോണയിലെ സഹതാരങ്ങളായിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സും ജോര്‍ഡി ആല്‍ബയും ഇന്റര്‍ മയാമിയിലെത്തി. ഏറ്റവും ഒടുവില്‍ ഉറ്റസുഹൃത്ത് ലൂയിസ് സുവരാസും ഇന്റര്‍ മയാമിയുമായി കരാറിലെത്തി.

എന്നാല്‍ മെസി നേരിട്ട് വിളിച്ചിട്ടും ഇന്റര്‍ മയാമിയില്‍ കളിക്കാനുള്ള ക്ഷണം നിരസിച്ചൊരു അര്‍ജന്റൈന്‍ താരമുണ്ട്. അദ്ദേഹത്തെ ഇന്റര്‍ മയാമിയിലെത്തിക്കാന്‍ കോച്ച് മാര്‍ട്ടിനോയും മെസിയും ശ്രമിച്ചിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ മാര്‍കോസ് റോഹോയാണ് ആ താരം. മയാമിലേക്കില്ലെന്നായിരുന്നു റോഹോയുടെ തീരുമാനം. ഇപ്പോള്‍ കളിക്കുന്ന അര്‍ജന്റൈന്‍ ക്ലബ് ബോക്ക ജൂനിയേഴ്‌സില്‍ തുടരാനാണ് സെന്റര്‍ ബാക്കായ റോഹോ ഇഷ്ടപ്പെടുന്നത്. 

മയാമിയില്‍ ചേരാന്‍ മെസി നേരിട്ട് വിളിച്ചുവെങ്കിലും ബോക്കയില്‍ തുടരുകയാണെന്ന് മുപ്പത്തിമൂന്നുകാരനായ റോഹോ ക്ലബ് അധികൃതരെ അറിയിക്കുകയായിരുന്നു. മയാമിയുടെ മാത്രമല്ല, ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിന്റെ ഓഫറും റോഹോ നിരസിച്ചു. 2025വരെയാണ് റോഹോയ്ക്ക് ബോക്ക ജൂനിയേഴ്‌സുമായി കരാറുള്ളത്. 

പ്രതിരോധം ശക്തിപ്പെടുത്താനാണ് മെസി റോഹോയെ ഇന്റര്‍ മയാമിയിലേക്ക് ക്ഷണിച്ചത്. 2011 മുതല്‍ 2019വരെ അര്‍ജന്റൈന്‍ ടീമിലണ്ടായിരുന്ന റോഹോ 61 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014 മുതല്‍ 2021 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരവുമായിരുന്നു.

അതേസമയം, ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മെസി. ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക.

വിരാട് കോലി പറഞ്ഞു, സിറാജ് അതുപോലെ പന്തെറിഞ്ഞു! ജാന്‍സന്‍ വീണത് മുന്‍ നായകനൊരുക്കിയ കെണിയില്‍ -വീഡിയോ