മുംബൈ: മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ മകന്‍ അര്‍ജ്ജുനോ മകള്‍ സാറയോ ട്വിറ്ററില്‍ ഇല്ലെന്ന് ട്വീറ്റ് ചെയ്ത സച്ചിന്‍ അര്‍ജുന്റെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ടാണെന്നും വ്യക്തമാക്കി.

ഈ അക്കൗണ്ടില്‍ നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ട്വീറ്റുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെടുവെന്നും ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും സച്ചിന്‍ ട്വിറ്ററിന്റെ ഇന്ത്യന്‍ വിഭാഗത്തോട് അഭ്യര്‍ത്ഥിച്ചു.

സച്ചിന്റെ അഭ്യര്‍ത്ഥനക്ക് പിന്നാലെ https://twitter.com/jr_tendulkar എന്ന ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്യുകയും ചെയ്തു. 2018 ജൂണിലാണ് അര്‍ജ്ജുന്റെ പ്രൊഫൈല്‍ ചിത്രവും അര്‍ജ്ജുന്‍ ലോര്‍ഡ്സില്‍ നില്‍ക്കുന്ന കവര്‍ ചിത്രവുമുള്ള അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ദൈവത്തിന്റെ മകനെന്നും പ്രൊഫൈലില്‍ വിശേഷിപ്പിച്ചിരുന്നു. ഇടംകൈയന്‍ പേസറായ അര്‍ജ്ജുന്‍ മുംബൈയുടെ അണ്ടര്‍ 19 താരമാണ്.