ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെ തുടരുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് ബാറ്റിംഗ് പ്രമോഷന്‍ കിട്ടുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്.

ദുബായ്:ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ആദ്യ മത്സരം അനായാസം ജയിച്ച ഇന്ത്യ നാളെ പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തിനിറങ്ങും. ടൂര്‍ണമെന്‍റില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഭിമാന പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. യുഎഇക്കെിരെ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ച ഇന്ത്യ ജസ്പ്രീത് ബുമ്രയെ മാത്രമാണ് സ്പെഷ്യലിസ്റ്റ് പേസറായി കളിപ്പിച്ചത്. പാകിസ്ഥാനെതിരെയും മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെ തുടരുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് ബാറ്റിംഗ് പ്രമോഷന്‍ കിട്ടുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്. യുഎഇക്കെതിരെ സഞ്ജുവിനെ അഞ്ചാമനായാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഇട്ടിരുന്നത്. ചെറിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ യുഎഇക്കെതിരെ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് ഇറങ്ങിയത്. ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ നൂറിലധികം മത്സരം കളിച്ചതിന്‍റെ പരിചയസമ്പത്ത് സഞ്ജു സാംസണുണ്ട്. ഈ സാഹചര്യത്തില‍ പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായാല്‍ സ‍ഞ്ജുവിനെ മൂന്നാം നമ്പറിലിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇംപാക്ട് പ്ലേയര്‍ പുറത്താവുമോ?

ബാറ്റിംഗ് ലൈനപ്പില്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരും പ്ലേയിംഗ് ഇലവനിലുണ്ടാകും. യുഎഇക്കെതിരെ നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ മെഡല്‍ വാങ്ങിയ ശിവം ദുബെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നകാര്യം സംശയമാണ്. ശിവം ദുബെക്ക് പകരം സ്പെഷ്യലിസ്റ്റ് പേസറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചല്‍ അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തും. ശിവം ദുബെയെ നിലനിര്‍ത്തി അക്സ‍ർ പട്ടേലിന് പകരം അര്‍ഷ്ദീപിനെ കളിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ജസ്പ്രീത് ബുമ്ര പേസ് നിരയില്‍ തുടരുമ്പോള്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് കളി ജയിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഈ സാഹചര്യത്തില്‍ ആദ്യ മത്സരം ജയിച്ച ടീമില്‍ വലിയ അഴിച്ചുപണിക്കുള്ള സാധ്യത കുറവാണ്.

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ/അര്‍ഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക