ഇപ്പോള്‍ കാണുന്നത് പാണ്ഡ്യ ക്രീസിലെത്തുമ്പോഴെ കളിയുടെ ഒഴുക്ക് തടസപ്പെടുന്നതാണ്. റണ്‍നിരക്ക് കുത്തനെ താഴുന്നു. മറുവശത്ത് നില്‍ക്കുന്ന ബാറ്ററും ഡ്രസ്സിം റൂമുമെല്ലാം ഒരുപോലെ സമ്മര്‍ദ്ദത്തിലുമാവുന്നു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തന്ത്രപരമായ പിഴവുകളെ മുന്‍താരങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ കളിക്കാരനെന്ന നിലയിലും ഹാര്‍ദ്ദിക് പരാജയമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. പരമ്പരയില്‍ മുഴുവന്‍ ഹാര്‍ദ്ദിക് ബാറ്റ് ചെയ്ത രീതി ലോകകപ്പും ഏഷ്യാ കപ്പും വരാനിരിക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ഈ പരമ്പരയില്‍ മുഴുവന്‍ ഹാര്‍ദ്ദിക് ബാറ്റ് ചെയ്ത രീതി ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. മെല്ലെത്തുടങ്ങി അവസാനം അടിച്ചു തകര്‍ക്കുന്ന പണ്ഡ്യയെയാണ് കുറച്ചു കാലമായി നമ്മള്‍ കാണുന്നത്. എന്നാല്‍ ഈ പരമ്പരയില്‍ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രമാണ് അത് വിജയിച്ചത്. ആ മത്സരത്തിലും വളരെ പതുക്കെയാണ് പാണ്ഡ്യ തുടങ്ങിയത്. സ്ലോഗ് ഓവറുകളിലാണ് റണ്ണടിച്ചത്. പണ്ടത്തെപ്പോലെ ക്രീസിലെത്തിയപാടെ തകര്‍കത്തടിക്കുന്ന പാണ്ഡ്യയെ കാണാനാവില്ല. തകര്‍ത്തടിക്കില്ലെന്ന് മാത്രമല്ല പന്ത് നല്ല രീതിയില്‍ സ്ട്രൈക്ക് ചെയ്യാന്‍ പോലും പാണ്ഡ്യക്ക് കഴിയുന്നില്ല.

ഇപ്പോള്‍ കാണുന്നത് പാണ്ഡ്യ ക്രീസിലെത്തുമ്പോഴെ കളിയുടെ ഒഴുക്ക് തടസപ്പെടുന്നതാണ്. റണ്‍നിരക്ക് കുത്തനെ താഴുന്നു. മറുവശത്ത് നില്‍ക്കുന്ന ബാറ്ററും ഡ്രസ്സിം റൂമുമെല്ലാം ഒരുപോലെ സമ്മര്‍ദ്ദത്തിലുമാവുന്നു. ഇത് പരിഹരിക്കേണ്ട കാര്യമാണ്. സ്ട്രൈക്ക് കൈമാറുകയും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യ ബുദ്ധിമുട്ടിലാവുമെന്നും വസീം ജാഫര്‍ പറഞ്ഞു.

17 വര്‍ഷത്തിനിടെ ആദ്യം; ദ്രാവിഡിന് ശേഷം നാണക്കേടിന്‍റെ റെക്കോര്‍ഡിടുന്ന ഇന്ത്യന്‍ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാണ്ഡ്യ ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് റണ്ണൗട്ടായപ്പോള്‍ രണ്ടാം മത്സരത്തില്‍ പാണ്ഡ്യക്ക് 14 പന്തില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്നാം മത്സരത്തില്‍ 52 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക്കിന് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 19 റണ്‍സെ നേടാനായുള്ളു. രണ്ടാം മത്സരത്തില്‍ 18 പന്തില്‍ 24ഉം മൂന്നാം മത്സരത്തില്‍ 15 പന്തില്‍ 20ഉം റണ്‍സെടുത്ത പാണ്ഡ്യ നാലാം മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയില്ല. അഞ്ചാം മത്സരത്തിലാകട്ടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കേണ്ട സമയത്ത് 18 പന്തില്‍ 14 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക