മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 185 റണ്‍സിന് തോല്‍പിച്ച് ആഷസ് ട്രോഫി ഓസീസ് നിലനിര്‍ത്തി. സമനിലക്കായി വാലറ്റം പ്രതിരോധിച്ച് കളിച്ചെങ്കിലും ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ തോല്‍വി വഴങ്ങി. രണ്ട് വിക്കറ്റിന് 18 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 197 റണ്‍സില്‍ പുറത്തായി. നാല് വിക്കറ്റുമായി കമ്മിന്‍സും രണ്ട് പേരെ വീതം പുറത്താക്കി ഹേസല്‍വുഡും ലിയോണുമാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടത്. സ്‌കോര്‍: ഓസീസ്-497-8, 186-6. ഇംഗ്ലണ്ട്-301, 197

നാലാം ദിനം അക്കൗണ്ട് തുറക്കും മുന്‍പ് റോറി ബേണ്‍സ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരെ ആദ്യ ഓവറില്‍ പുറത്താക്കിയ കമ്മിന്‍സ് അഞ്ചാം ദിനവും തുടക്കത്തിലെ ആഞ്ഞടിച്ചു. ഇതോടെ ജാസന്‍ റോയ്‌(31), ബെന്‍ സ്റ്റോക്‌സ്(1) എന്നിവര്‍ മടങ്ങി. അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ലിയെ(53) ലിയോണും മടക്കിയതോടെ ഇംഗ്ലണ്ട് തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ജോണി ബെയര്‍‌സ്റ്റോയും ജോസ് ബട്‌ലറും ഇംഗ്ലണ്ടിന്‍റെ ആയുസ് നീട്ടിനല്‍കി. 

61 പന്തില്‍ 25 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ സ്റ്റാര്‍ക്കും 111 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ ഹേസല്‍വുഡും പുറത്താക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഒരു റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറെ വൈകാതെ ലിയോണ്‍ മടക്കി. എന്നാല്‍ ക്രൈഗ് ഓവര്‍ട്ടനും ജാക്ക് ലീച്ചും പ്രതിരോധമേറ്റെടുത്തു. എന്നാല്‍ 51 പന്തില്‍ 12 റണ്‍സെടുത്ത ലീച്ചിനെ ലബുഷാഗ്നെ പുറത്താക്കി. 105 പന്ത് നേരിട്ട് പൊരുതിയ ഓവര്‍ട്ടനെ ഹേസല്‍വുഡ് എല്‍ബിയില്‍ കുടുക്കിയതതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റും ആഷസും ഓസീസ് സ്വന്തമാക്കി.  

ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിന് മികച്ച ലീഡ് ഉറപ്പാക്കിയത്. 82 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ സ്‌മിത്ത് ഇരട്ട സെഞ്ചുറി(211) നേടിയിരുന്നു. 196 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സുമായി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.