Asianet News MalayalamAsianet News Malayalam

ആഷസില്‍ പോര് ഗാലറിയിലും; ആര്‍ച്ചറെ കളിയാക്കിയ ഓസീസ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

നാലാം ടെസ്റ്റിനിടെ ആര്‍ച്ചറെ കളിയാക്കിയ ചില ഓസീസ് കാണികളെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി എന്നതാണ് പുതിയ വാര്‍ത്ത

Ashes 2019 Australia Fans Abuse Jofra Archer
Author
Old Trafford Cricket Ground, First Published Sep 6, 2019, 12:05 PM IST

മാഞ്ചസ്റ്റര്‍: ആഷസിലെ സ്‌മിത്ത്- ആര്‍ച്ചര്‍ പോര് ഗാലറിയിലേക്കും പടരുന്നു. നാലാം ടെസ്റ്റിനിടെ ആര്‍ച്ചറെ കളിയാക്കിയ ചില ഓസീസ് കാണികളെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി എന്നതാണ് പുതിയ വാര്‍ത്ത. സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുമ്പോള്‍ 'ജോഫ്ര, നിങ്ങള്‍ പാസ്‌പോര്‍ട്ട് കാണിക്കൂ...' എന്നുപറഞ്ഞ് ആക്രോശിക്കുകയായിരുന്നു കാണികള്‍ എന്നാണ് റിപ്പോര്‍ട്ട്. ഗാലറിയില്‍ അടുത്തിരുന്ന മറ്റ് കാണികള്‍ ഓസീസ് ആരാധകരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ആരാധകരില്‍ ചിലരെ സ്റ്റേഡിയത്തില്‍ നിന്ന്  പുറത്താക്കിയത്. ഇംഗ്ലണ്ടിനായി കളിക്കുന്ന ആര്‍ച്ചര്‍ ബാര്‍ബഡോസിലാണ് ജനിച്ചത്. ഇതാണ് താരത്തിന്‍റെ പാസ്‌പോര്‍ട്ട് ഓസീസ് കാണികള്‍ ആവശ്യപ്പെടാന്‍ കാരണം. 

ഓസീസ് കാണികളുടെ മോശം പെരുമാറ്റം സ്റ്റീവ് സ്‌മിത്തിനെ കൂവിവിളിക്കുന്നതിനുള്ള മറുപടിയാണ് എന്ന് വിലയിരുത്തലുകളുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തിലുള്ള ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ആഷസ് കളിക്കാനിറങ്ങിയ സ്‌മിത്തിനെ കൂവിവിളിച്ചാണ് ഇംഗ്ലീഷ് കാണികള്‍ എല്ലാ മത്സരത്തിലും വരവേല്‍ക്കുന്നത്. 

ഇതേസമയം മൈതാനത്ത് സ്‌മിത്ത്- ആര്‍ച്ചര്‍ പോര് മുറുകുകയാണ്. മാഞ്ചസ്റ്ററില്‍ ഇരട്ട സെഞ്ചുറി തികച്ച് സ്‌മിത്ത് വ്യക്തമായ മുന്‍തൂക്കം നേടിക്കഴിഞ്ഞു. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയും 26-ാം സെഞ്ചുറിയും കുറിച്ച സ്‌മിത്ത് 211 റണ്‍സെടുത്തു. ഈ പരമ്പരയില്‍ 500ലധികം സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമാകാനും സ്‌മിത്തിനായി. വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന സ്‌മിത്തിനെ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. 

Follow Us:
Download App:
  • android
  • ios