ലണ്ടന്‍: ആഷസ് രണ്ടാം ടെസ്റ്റിന് ഇറങ്ങും മുന്‍പ് പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. ഒന്നാം ടെസ്റ്റിനിടെ കാലിന് പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് രണ്ടാം മത്സരത്തില്‍ കളിക്കാനാവില്ല. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് ബൗളറായ ആന്‍ഡേഴ്‌സന്‍റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാവും. 

എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ സ്‌പെല്ലില്‍ നാലാം ഓവര്‍ എറിയുമ്പോഴാണ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ ആന്‍ഡേഴ്‌സണ്‍ പിന്നീട് പന്തെറിഞ്ഞില്ല. പരിക്കിന്‍റെ പിടിയിലായ മറ്റൊരു പേസര്‍ മാര്‍ക് വുഡിന് ആഷസും ഈ സീസണും നഷ്ടമാകുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ആഷസ് ആദ്യ ടെസ്റ്റില്‍ 251 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മാത്യു വെയ്ഡും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണുമാണ് ഓസീസിന്റെ വിജയശില്‍പ്പികള്‍. രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 146ന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 284/10 & 487/7. ഇംഗ്ലണ്ട് 374/10 & 146/10.