ബര്‍മിംഗ്‌ഹാം: ഓസീസ് ബാറ്റ്സ്‌മാന്‍മാരുടെ കൂട്ടത്തകര്‍ച്ചയ്‌ക്കിടയിലും ആഷസ് ഒന്നാം ടെസ്റ്റില്‍ സ്റ്റീവ് സ്‌മിത്തിന് തകര്‍പ്പന്‍ സെഞ്ചുറി. ഇംഗ്ലീഷ് കാണികളുടെ കൂവലിനും സാന്‍ഡ് പേപ്പര്‍ ഷോയ‌്‌ക്കും ബാറ്റ് കൊണ്ട് മറുപടി കൊടുത്ത സ്‌മിത്ത് തന്‍റെ ടെസ്റ്റ് മടങ്ങിവരവില്‍ 184 പന്തില്‍ 24-ാം ശതകത്തിലെത്തി. ആഷസ് കരിയറില്‍ സ്‌മിത്തിന്‍റെ ഒന്‍പതാം സെഞ്ചുറിയാണിത്. 

ടോസ് നേടി ബാറ്റിംഗാരംഭിച്ച ഓസീസിന് 17 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആഞ്ഞടിച്ചപ്പോള്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റും(8) ഡേവിഡ് വാര്‍ണറും(2) മടങ്ങി. ഉസ്‌മാന്‍ ഖവാജ നേടിയത് 13 റണ്‍സ്. സ്‌മിത്തിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച ട്രാവിസ് ഹെഡിനെ 35ല്‍ നില്‍ക്കേ വോക്‌‌സ് പുറത്താക്കിയതോടെ ഓസീസ് പ്രതിരോധം പാളി. 

മാത്യൂ വെയ്‌ഡ്(1), ടിം പെയ്‌ന്‍(5), ജെയിംസ് പാറ്റിന്‍സണ്‍(0), പാറ്റ് കമ്മിന്‍സ്(5) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോര്‍. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ സ്‌മിത്തിനൊപ്പം പീറ്റര്‍ സിഡിലിന്‍റെ ചെറുത്തുനില്‍പ്പ് നിര്‍ണായകമായി. 85 പന്തില്‍ 44 റണ്‍സെടുത്ത സിഡിലിനെ മൊയിന്‍ അലി പുറത്താക്കിയതോടെ ഓസീസ് പ്രതിരോധം വീണ്ടും പാളി. അവസാന വിക്കറ്റില്‍ സ്‌മിത്തിനൊപ്പം ലിയോണാണ് ക്രീസില്‍. സ്‌കോര്‍- AUS 248/9 (75.0).